

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. യുദ്ധക്കളങ്ങളിൽ വിപ്ലവം സൃഷ്ടിച്ച, അമേരിക്കൻ നിർമിത ‘ജാവലിൻ’ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ എടിജിഎം സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. വെറുമൊരു ആയുധ വാങ്ങലിൽ ഒതുങ്ങാതെ, ഇന്ത്യയിൽ തന്നെ മിസൈലുകൾ സംയുക്തമായി നിർമിക്കാനുള്ള സാധ്യതകളും ചർച്ചയിലുണ്ട്. ഇത് പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തതയ്ക്ക് വലിയ കരുത്താകും.
എന്താണ് ജാവലിൻ മിസൈൽ സംവിധാനം?
അമേരിക്കയിലെ പ്രതിരോധ ഭീമന്മാരായ റെയ്തിയോൺ ലോക്ക്ഹീഡ് മാർട്ടിൻ എന്നിവർ ചേർന്ന് 1990-കളുടെ മധ്യത്തിൽ വികസിപ്പിച്ചെടുത്ത 'മാൻ-പോർട്ടബിൾ' ആന്റി ടാങ്ക് ആയുധമാണ് FGM-148 ജാവലിൻ
ഒരു സൈനികന് തോളിൽ വെച്ച് വളരെ എളുപ്പത്തിൽ വിക്ഷേപിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വലിയ വാഹനങ്ങളുടെയോ പീരങ്കി തറകളുടെയോ ആവശ്യമില്ലാത്തതിനാൽ ഏത് പ്രതികൂല ഭൂപ്രകൃതിയിലും ഇത് പ്രയോഗിക്കാം.
ജാവലിന്റെ പ്രധാന സാങ്കേതിക സവിശേഷതകൾ
ഫയർ ആൻഡ് ഫോർഗെറ്റ്
പരമ്പരാഗത ആന്റി ടാങ്ക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഓപ്പറേറ്റർ വയർ വഴിയോ റേഡിയോ വഴിയോ നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ ജാവലിനിൽ 'ഇൻഫ്രാറെഡ് സീക്കർ' സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യം ലോക്ക് ചെയ്ത് വിക്ഷേപിച്ചുകഴിഞ്ഞാൽ മിസൈൽ സ്വയം വഴി കണ്ടെത്തി ലക്ഷ്യത്തിലെത്തും. ഇത് വിക്ഷേപണം നടത്തുന്ന സൈനികന് ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ശത്രുവിന്റെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാനും സഹായകരമാകും.
ടോപ് അറ്റാക്ക് രീതി
ഏതൊരു യുദ്ധ ടാങ്കിന്റെയും മുൻവശത്തും വശങ്ങളിലുമുള്ള കവചം വളരെ ശക്തമായിരിക്കും. എന്നാൽ ടാങ്കിന്റെ മുകൾഭാഗം താരതമ്യേന ദുർബലമാണ്. ജാവലിൻ വിക്ഷേപിച്ചാൽ അത് കുതിച്ചുയർന്ന്, ടാങ്കിന്റെ മുകൾഭാഗത്തേക്ക് കുത്തനെ പതിച്ച് ആക്രമണം നടത്തുന്നകയാണ് ജാവലിൻ ചെയ്യുന്നത്. സാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾക്കും ബങ്കറുകൾക്കും എതിരെ 'ഡയറക്ട് അറ്റാക്ക്' രീതിയിലും ഇത് ഉപയോഗിക്കാം.
ടാൻഡം വാർഹെഡ്
ആധുനിക ടാങ്കുകൾ മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ ഉപയോഗിക്കാറുണ്ട്. ജാവലിനിൽ രണ്ട് സ്ഫോടക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ വാർഹെഡ് ടാങ്കിന്റെ പുറം കവചമായ ERA-യെ തകർക്കുന്നു. തുടന്ന് രണ്ടാമത്തെ പ്രധാന വാർഹെഡ് ടാങ്കിന്റെ ഉള്ളിലേക്ക് തുളച്ചുകയറി അതിശക്തമായ സ്ഫോടനം ഉണ്ടാക്കുന്നു.
കമാൻഡ് ലോഞ്ച് യൂണിറ്റ്
മിസൈൽ വിക്ഷേപിക്കുന്ന ഭാഗമായ CLU-വിൽ അത്യാധുനിക തെർമൽ ഇമേജിങ് സംവിധാനങ്ങളുണ്ട്. രാത്രിയിലും കനത്ത പുകയോ മഞ്ഞോ ഉള്ളപ്പോഴും ശത്രു വാഹനങ്ങളെയും ബങ്കറുകളെയും കൃത്യമായി കണ്ടെത്താൻ ഇത് സഹായിക്കുന്നു.
യുക്രൈൻ യുദ്ധവും ആഗോള പ്രശസ്തിയും
റഷ്യ - യുക്രൈൻ യുദ്ധത്തിലാണ് ജാവലിൻ ലോകശ്രദ്ധ നേടിയത്. റഷ്യൻ സേനയുടെ അത്യാധുനിക ടാങ്കുകളെ പ്രതിരോധിക്കാൻ യുക്രൈൻ സൈനികർ ജാവലിൻ വ്യാപകമായി ഉപയോഗിച്ചു. കാലാൾപ്പടക്ക് ടാങ്ക് വ്യൂഹങ്ങളെ ഒറ്റക്ക് നേരിടാൻ കഴിയും എന്ന് ജാവലിൻ തെളിയിച്ചു. യുക്രെയ്നിൽ ഇതിന് 'സെന്റ് ജാവലിൻ'എന്ന വിളിപ്പേരുപോലും ലഭിച്ചു.
മൾട്ടി-ലേയേർഡ് ഡിഫൻസ്
ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിൽ ഒട്ടാകെ മാറ്റം വരുത്താൻ ഉദകുന്നതാണ് ജാവലിൻ. ആകാശത്ത് നിന്നുള്ള ഭീഷണികളെ നേരിടാൻ റഷ്യൻ നിർമിത S-400 പോലുള്ള ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളും, കരയിലെ കടന്നുകയറ്റങ്ങളെ തടയാൻ ജാവലിൻ പോലുള്ള അത്യാധുനിക ആന്റി ടാങ്ക് സംവിധാനങ്ങളും ഇന്ത്യക്ക് ഒരേ സമയം കരുത്തേകും.
തദ്ദേശീയ നിർമാണം
അമേരിക്കയുമായുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ജാവലിൻ ഇന്ത്യയിൽ നിർമിക്കാൻ സാധിച്ചാൽ, വിദേശത്ത് നിന്ന് ആയുധങ്ങൾ വാങ്ങുന്നത് കുറയ്ക്കാനും ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യക്ക് സാധിക്കും.
As defence cooperation between India and the United States enters a new phase, India has begun efforts to acquire the Javelin anti-tank guided missile, a weapon that has transformed modern battlefields. Equipped with features such as an infrared seeker, fire-and-forget capability, top-attack mode, tandem warhead, and advanced thermal imaging, the Javelin could significantly enhance the capabilities of the Indian Army.