

ന്യൂഡൽഹി: ഇറാനിൽ പ്രക്ഷോഭങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ വിട്ടുകിട്ടാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപ്പെടും. കഴിഞ്ഞ ഡിസംബറിൽ ദിബ്ബ പോർട്ടിൽ വെച്ച് ഇന്ധനക്കടത്ത് ആരോപിച്ചായിരുന്നു ഇന്ത്യക്കാർ ഉൾകൊള്ളുന്ന എംടി വാലിയൻ്റ് റോർ എന്ന കപ്പൽ ഇറാൻ കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ആകെയുണ്ടായിരുന്ന 18 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. മറ്റു രണ്ടു പേരിൽ ഒരാൾ ബംഗ്ലാദേശ് പൗരനും, മറ്റൊരാൾ ശ്രീലങ്കൻ പൗരനുമാണ്.
ഇപ്പോൾ കസ്റ്റഡിയിൽ കഴിയുന്ന ഇന്ത്യക്കാരായ ജീവനക്കാരുടെ കുടുംബങ്ങൾ, അവരുടെ മോചനത്തിനായുള്ള നടപടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്, ശക്തമായ സമ്മർദ്ദം ഇന്ത്യ ഇറാനു മേൽ ചെലുത്തുന്നത്. മോചനത്തിനായുള്ള നടപടികളും നിയമസഹായവും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കസ്റ്റഡിയിലുള്ള ഇന്ത്യക്കാരായ ജീവനക്കാരോട് ബന്ധപ്പെടാൻ അടിയന്തര അനുമതി വേണമെന്നുള്ള ആവശ്യവും ഇന്ത്യ മുന്നോട്ടു വെച്ചു. ഡിസംബർ 8-നാണ് യുഎഇ കമ്പനിയുടെ കീഴിലുള്ള എംടി വാലിയൻ്റ് റോർ അന്താരാഷ്ട്ര അതിർത്തിയിൽ വച്ച് ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ഇറാൻ പിടിച്ചെടുത്തത്. 6000 മെട്രിക് ടണ്‍ ഇന്ധനം മോഷ്ടിച്ചു കടത്തിയെന്നായിരുന്നു ഇറാന്റെ ആരോപണം. കപ്പലിൽ ശേഖരിച്ചിരുന്ന ഭക്ഷണം തീർന്ന സാഹചര്യത്തിൽ, ബന്ദികളാക്കപ്പെട്ട ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ബന്ദർ അബ്ബാസിലെ കോൺസുലേറ്റ് കപ്പലുടമകളുമായും ഇറാനിലെ ഏജന്റുമാരുമായും ബന്ധപ്പെട്ട് ആവശ്യമായവ കപ്പലിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
കപ്പൽ കസ്റ്റഡിയിലെടുത്ത വിവരം ഡിസംബർ പകുതിയോടെയാണ് ഇറാൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിക്കുന്നത്. പിന്നീട് എംബസി തലത്തിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും നിരവധി തവണ മോചനം ആവശ്യപ്പെട്ടെങ്കിലും, ഇറാനിൽ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
English Summary: India’s MEA is intensifying diplomatic efforts to free 16 Indian crew members detained in Iran after the MT Valiant Roar was seized over fuel-smuggling charges.