യുഎൻ സ്ഥിര അം​ഗത്വത്തിനായി പലസ്തീന് ​വീണ്ടും ഇന്ത്യയുടെ പിന്തുണ; ഇസ്രയേലിനെ തഴുകിയും പലസ്തീനെ തലോടിയും അര നൂറ്റാണ്ട് പിന്നിടുമ്പോൾ

പലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമ്മേളനത്തിലാണ് ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കിയത്
യുഎൻ സ്ഥിര അം​ഗത്വത്തിനായി പലസ്തീന് ​വീണ്ടും ഇന്ത്യയുടെ പിന്തുണ; ഇസ്രയേലിനെ തഴുകിയും പലസ്തീനെ തലോടിയും അര നൂറ്റാണ്ട് പിന്നിടുമ്പോൾ
Published on

ഐക്യരാഷ്ട്രസഭയിലെ പലസ്തീന്റ പൂർണ അംഗത്വത്തിനായുള്ള അപേക്ഷയെ ഇന്ത്യ വീണ്ടും പിന്തുണച്ചതിലൂടെ പതിറ്റാണ്ടുകളായുള്ള ഇരു രാജ്യങ്ങളുടേയും ഐക്യം നിലനിർത്താനുള്ള ഇന്ത്യയുടെ പദ്ധതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇസ്രായേലും പലസ്തീനും തമ്മിലുള്ള വർഷങ്ങളായുള്ള സംഘർഷത്തിന് രണ്ട് രാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത സമാധാനത്തിലേക്കുള്ള വഴിയെന്നും ഇന്ത്യ ആവർത്തിച്ചിട്ടുണ്ട്.

1988ൽ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ഇന്ത്യ, യുഎന്നിൽ പലസ്തീന്റെ അവകാശങ്ങൾക്കായി സ്ഥിരമായി പിന്തുണ അറിയിച്ചുവരുന്ന രാജ്യമാണ്. അതിനുമുമ്പ് 1974ൽ പലസ്തീൻ വിമോചന സംഘടനയെ ഇന്ത്യ അംഗീകരിച്ചിരുന്നു. 1988ൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നെന്ന സ്ഥാനവും ഇന്ത്യക്കുണ്ട്. ഇന്ത്യ അര നൂറ്റാണ്ടായി രാജ്യത്തിന്റെ അവകാശങ്ങളെ പിന്തുണച്ചുവരുമ്പോഴും, 1992ൽ ഇസ്രായേലുമായി സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിർത്തുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

പലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമ്മേളനത്തിലാണ് ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കിയത്. പരസ്പര ധാരണയോടെയും അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികൾക്കുള്ളിലും ഇസ്രായേലിനൊപ്പം സമാധാനത്തിലും സുരക്ഷയിലും സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമായി പലസ്തീനെ അം​ഗീകരിക്കണമെന്ന് ഇന്ത്യ അറിയിച്ചു. സ്വതന്ത്ര്യവും പരമാധികാരമുള്ളതും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി മുന്നോട്ടുവെച്ചിട്ടുണ്ട്.

യുഎൻ സ്ഥിര അം​ഗത്വത്തിനായി പലസ്തീന് ​വീണ്ടും ഇന്ത്യയുടെ പിന്തുണ; ഇസ്രയേലിനെ തഴുകിയും പലസ്തീനെ തലോടിയും അര നൂറ്റാണ്ട് പിന്നിടുമ്പോൾ
അന്ന് കലാപം, ഇന്ന് സ്വീകരണം; 19 വർഷത്തിനുശേഷം തസ്‌ലിമയുടെ കൊൽക്കത്ത മടങ്ങിവരവ് പറയുന്ന രാഷ്ട്രീയം

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും സാധാരണക്കാർക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കണമെന്നും സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തര കാലം മുതൽ പിന്തുടരുന്ന ഇന്ത്യയുടെ പലസ്തീൻ നയത്തിന്റെ ആവർത്തനമാണ് ഇതെങ്കിലും, ഗാസ യുദ്ധം തുടരുകയും പലസ്തീൻ രാഷ്ട്രത്തെ കൂടുതൽ രാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമ്മേളനത്തിൽ സംസാരിച്ച ഇന്ത്യ, പലസ്തീന് യുഎന്നിൽ പൂർണ അംഗത്വം ലഭിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ഒരു സ്വതന്ത്ര രാഷ്ട്രമായി തുടരണമെന്നും വെസ്റ്റ് ബാങ്കും ഗാസയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിച്ച് സമാധാനപരമായി സഹവർത്തിത്വത്തോടെ ജീവിക്കണം. അതിർത്തികൾ പരസ്പര ധാരണയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിശ്ചയിക്കണം. ഇന്ത്യ നിലപാട് അറിയിച്ചു.

നിലവിൽ യുഎന്നിൽ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവിയാണ് പലസ്തീനുള്ളത്. സ്ഥിര അം​ഗത്വം ലഭിച്ചാൽ യുഎന്നിൽ മറ്റ് അംഗരാജ്യങ്ങൾക്ക് സമാനമായ പദവി ലഭിക്കുകയും അന്താരാഷ്ട്ര വേദികളിൽ കൂടുതൽ അവകാശങ്ങളും അംഗീകാരവും ലഭിക്കുകയും ചെയ്യും. ഫലസ്തീൻ രാഷ്ട്രമെന്ന നിലയിലുള്ള രാഷ്ട്രീയ അംഗീകാരം കൂടുതൽ ശക്തമാകും. അതേസമയം, സമീപ വർഷങ്ങളിൽ ഇസ്രായേലുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ സഹകരണവും ശക്തമായിട്ടുണ്ട്. അതിനാൽ, ഇസ്രായേലുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനുള്ള പരമ്പരാഗത പിന്തുണയും ഇന്ത്യ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.

Summary

India has reaffirmed its long-standing support for Palestine by backing its bid for full UN membership and reiterating that a two-state solution remains the only path to lasting peace with Israel. New Delhi called for an immediate ceasefire in Gaza, the release of hostages, uninterrupted humanitarian aid, and renewed peace talks. While maintaining strong strategic ties with Israel since 1992, India continues to support an independent, sovereign Palestinian state, reflecting its decades-old policy amid the ongoing Gaza conflict.

Madism Digital
madismdigital.com