ദുബൈയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് 180-ലധികം യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബൈ വിമാനത്തില്‍ വന്‍ ദുരന്തം ഒഴിവായത് ഇന്ത്യന്‍ പൈലറ്റിന്റെ ധീരമായ ഇടപെടലില്‍. കോക്പിറ്റിനുള്ളില്‍ വെച്ച് ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ക്യാപ്റ്റനായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ബോയിങ് 737 വിമാനത്തില്‍, യാത്ര ആരംഭിച്ച് രണ്ടര മണിക്കൂറിനു ശേഷം ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുവെച്ചാണ് സംഭവം നടന്നത്. സംഭവം ഹൈജാക്കിംഗ് ശ്രമമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഇസ്രായേലില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
വിമാനം 33,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഒമാനി പൗരനായ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറെ പോക്കറ്റ് കത്തി ഉപയോഗിച്ച് കുത്തുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുത്തേറ്റ നിലയിലും ക്യാപ്റ്റന്‍ സഹപൈലറ്റുമായി അതിശക്തമായി ഏറ്റുമുട്ടി. പോരാട്ടത്തിനിടയില്‍ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെടുകയും മിനിറ്റുകള്‍ക്കകം വിമാനം 17,000 അടിയോളം താഴേക്ക് പതിക്കുകയും ചെയ്തു. ഇതിനിടയില്‍ കോക്പിറ്റില്‍ നിന്ന് നിലവിളിയും ബഹളവും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ മുന്‍നിരയിലിരുന്ന ചില ഇസ്രയേലി യാത്രക്കാര്‍ കോക്പിറ്റിലേക്ക് കയറി അക്രമിയായ പൈലറ്റിനെ കീഴ്‌പ്പെടുത്തി. ഇതിനിടെ വിമാനത്തിലെ യാത്രക്കാരായ രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഇസ്രായേലി പൗരന്മാരാണ്. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടര്‍ അടിയന്തര പ്രഥമശുശ്രൂഷ നല്‍കി. ലാന്‍ഡിംഗിന് ശേഷം പരിക്കേറ്റ ക്യാപ്റ്റനെയും സഹപൈലറ്റിനെയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.
''യാത്രക്കിടെ പൈലറ്റുമാരുടെ കാബിനില്‍നിന്ന് നിലവിളി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിമാനം താഴേക്ക് പതിക്കുന്നതായി തോന്നി. എന്തോ പ്രശ്‌നമുണ്ടെന്ന് അപ്പോഴാണ് യാത്രക്കാര്‍ക്ക് മനസ്സിലായത്. കോക്പിറ്റ് തുറന്നതും കുത്തേറ്റ് പുറത്തുവന്ന ക്യാപ്റ്റന്‍ പൈലറ്റിനെ കണ്ടതോടെയാണ് സംഭവം അറിയുന്നത്. പിന്നെ, അക്രമിയായ പൈലറ്റിനെ കീഴ്‌പ്പെടുത്തി യാത്രക്കാരായ മറ്റു രണ്ട് പൈലറ്റുമാര്‍ വിമാനം നിയന്ത്രിച്ച് സുരക്ഷിതമായി ഇറക്കുകയായിരുന്നു', വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ ടൈംസ് ഓഫ് ഇസ്രയേലിനോട് പറഞ്ഞു. ''വിമാനത്തില്‍ വലിയ രീതിയിലുള്ള നിലവിളികള്‍ കേട്ടിരുന്നു. പിന്നീട് അവര്‍ തുറന്നപ്പോഴാണ് കോക്ക്പിറ്റിനകത്ത് രക്തം കണ്ടത്. ഒരു പൈലറ്റ് ക്യാപ്റ്റനെ കത്തി ഉപയോഗിച്ച് കുത്തിയിരുന്നു. പിന്നാലെ വിമാനം താഴേക്ക് പെട്ടെന്ന് പതിച്ചതും പ്രശ്‌നളുണ്ടായതും', മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.
അതേസമയം, 2022 ജൂണ്‍ മുതല്‍ ഫ്‌ളൈ ദുബായില്‍ ബോയിങ് 737 വിഭാഗത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയാണ് സ്മിത് മച്ചാര്‍. അതിനുമുമ്പ് മുംബൈ ആസ്ഥാനമായ സ്‌പൈസ് ജെറ്റില്‍ 11 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ സീനിയര്‍ കമാന്‍ഡറായും 2020 നവംബര്‍ മുതല്‍ മറ്റ് പൈലറ്റുമാരുടെ പരിശീലകനായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോയിങ് 737-800, 737 മാക്‌സ് 8, 9 എന്നീ വിമാനങ്ങളില്‍ 9,750 മണിക്കൂര്‍ പറന്നതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
A major mid-air emergency was reported aboard Flydubai flight FZ1073 from Dubai to Tel Aviv on September 30, 2026, after an alleged violent confrontation in the cockpit. The Boeing 737 MAX, carrying around 180 passengers, made an emergency landing at Tabuk in Saudi Arabia after the aircraft suddenly lost altitude. According to reports from Israeli and Indian media, an Omani co-pilot allegedly attacked the captain and attempted to take control of the aircraft. The aircraft reportedly descended by around 17,000 feet in less than a minute during the incident. Passengers heard screams from the cockpit, and several passengers intervened after the cockpit door was opened. Two off-duty pilots travelling as passengers subsequently helped stabilise and land the aircraft.