തിരിച്ചടി ശക്തമാക്കി ഇറാൻ, ഇസ്രയേൽ ആണവ കേന്ദ്രങ്ങളിൽ ആക്രമണം; നൂറിലധികം പേർക്ക് പരുക്ക്

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്കരമായ രാത്രിയാണിതെന്ന് നെതന്യാഹു
Dimona
Dimona
Published on

ടെൽ അവീവ്: ഇസ്രയേലിന്റെ തന്ത്രപ്രധാന ആണവ നിലയങ്ങളെ ആക്രമിച്ച് ഇറാൻ. തെക്കൻ നഗരമായ ഡിമോണയിലും സമീപപ്രദേശമായ അറദിലുമാണ് ഇറാന്റെ ആക്രമണമുണ്ടായത്. നതാൻസിലെ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൽ നൂറിലധികം പേർക്ക് പരുക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, നിലവിൽ ആണവ വികിരണ ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ തടയാൻ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. 'അയേൺ ഡോമി'ന് മിസൈൽ ആക്രമണം തടയാനായില്ലെന്നത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നതായിട്ടാണ് ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. നേരത്തെ അമേരിക്കയുടെ 'പാട്രിയേറ്റ്' ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ യുദ്ധത്തിന്റെ ഭാ​ഗമായി തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് മിസൈലുകൾ ജനവാസ മേഖലകളിലെ കെട്ടിടങ്ങൾക്ക് മുകളിൽ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഡിമോണയിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റവരിൽ പത്ത് വയസുകാരൻ ഉൾപ്പെടെ 10 പേരുടെ നില അതീവ ഗുരുതരമാണ്.

രാജ്യം നേരിടുന്ന അതീവ സങ്കീർണ്ണമായ സാഹചര്യത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്കരമായ രാത്രിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രകോപനങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്നും ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ ഡിമോണയിൽ 39 പേർക്കും അറദിൽ എൺപതിലധികം പേർക്കും പരുക്കേറ്റതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത നീക്കമാണ് നിലവിലെ യുദ്ധസാഹചര്യത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ഇസ്രയേലിലെയും ഗൾഫ് മേഖലയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ മാത്രം ഇതുവരെ 1500-ലധികം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു.

English Summary: Iran has intensified its retaliation by striking key Israeli nuclear-linked locations, injuring over 100 people. Benjamin Netanyahu warned of strong counterattacks as tensions escalate, though no radiation threat has been reported so far.

Related Stories

No stories found.
Madism Digital
madismdigital.com