

പശ്ചിമേഷ്യയിൽ ആറാഴ്ചയായി തുടരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തിയ നയതന്ത്ര നീക്കങ്ങൾക്ക് നന്ദി അറിയിച്ച് ഇറാൻ . പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വെടിനിർത്തൽ അഭ്യർത്ഥനയും അമേരിക്ക മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി നടന്ന ചർച്ചകൾക്കൊടുവിലാണ് മേഖലയിൽ സമാധാന ധാരണയായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്യദ് അബ്ബാസ് അറാഘ്ചി വ്യക്തമാക്കി. ഈ നയതന്ത്ര നീക്കങ്ങളിൽ പാക് നേതൃത്വത്തിനുള്ള കൃതജ്ഞത ഇറാൻ രേഖപ്പെടുത്തിയതായും, ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ തുടർചർച്ചകൾ നടക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു
ഇറാന്റെ 10 നിർദ്ദേശങ്ങൾ കൂടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതോടെ രണ്ടാഴ്ചത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുക, വിദേശത്ത് തടഞ്ഞുവെച്ച ഇറാന്റെ ആസ്തികൾ തിരികെ നൽകുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഏകദേശം 2 മില്യൺ ഡോളർ ഫീസ് ഈടാക്കാനുള്ള അവകാശം നിലനിർത്തി അത് ഒമാനുമായി പങ്കിടുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ഇറാൻ ചർച്ചയിൽ ഉന്നയിച്ചത്.
ഇറാനെതിരെ നിലവിൽ തുടരുന്ന ആക്രമണങ്ങൾ നിർത്തിയാൽ, തങ്ങളുടെ സായുധസേനകളുടെ ഭാഗത്തു നിന്നുള്ള പ്രതിരോധ നടപടികൾ അവസാനിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. അതേസമയം, നിയന്ത്രണങ്ങളും സൈനിക ഏകോപനവും പാലിച്ച് ഹോർമുസ് കടലിടുക്ക് അടുത്ത രണ്ടാഴ്ചക്കാലം സുരക്ഷിതമായി മറികടക്കാൻ അനുവദിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന സമ്പൂർണ്ണ വെടിനിർത്തൽ കരാറിൽ ഇറാനും അമേരിക്കയും തമ്മിൽ ധാരണയിലെത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഇതിന്റെ തുടർച്ചയായി ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിലേക്ക് ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ (X)കുറിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള നയതന്ത്ര നീക്കമായാണ് ഇസ്ലാമാബാദ് ഈ ചർച്ചയെ കാണുന്നത്.
English Summary: Iran US ceasefire agreement Pakistan mediation Hormuz Strait peace talks sanctions relief and Middle East conflict resolution update