അമേരിക്കയുടെ മറ്റൊരു ആക്രമണത്തിനായി കാത്തിരിക്കില്ലെന്നും, ആവശ്യമെങ്കിൽ ആദ്യം തന്നെ തിരിച്ചടിക്കുമെന്നും ഇറാന്റെ കനത്ത മുന്നറിയിപ്പ്. ഗൾഫ് മേഖലയിൽ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും എത്തിയതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്.
യുദ്ധവുമില്ല, സമാധാനവുമില്ല എന്ന അനിശ്ചിതാവസ്ഥ ഇനി അംഗീകരിക്കാനാകില്ലെന്ന് അമേരിക്കയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറാന്റെ മുഖ്യ പ്രതിനിധി മുന്നറിയിപ്പ് നൽകി. വലിയ സൈനിക നീക്കങ്ങൾക്കോ, ഇറാൻ്റെ നിബന്ധനകൾക്ക് വഴങ്ങിയുള്ള ഒത്തുതീർപ്പുകൾക്കോ അമേരിക്ക തയ്യാറല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ പ്രതികരണം.
അമേരിക്ക ആദ്യം ആക്രമിക്കുന്നത് വരെ ടെഹ്റാൻ കാത്തിരിക്കില്ലെന്ന് ഇറാന്റെ നിയമ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഉപ വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി വ്യക്തമാക്കി. മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നതിനായി നയതന്ത്ര ചർച്ചകളിലൂടെ വാഷിങ്ടൺ ബോധപൂർവ്വം സമയം നീട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അമേരിക്ക-ഇസ്രായേൽ യുദ്ധത്തിനിടെ ഗൾഫ് അറബ് രാജ്യങ്ങളിലുണ്ടായ തിരിച്ചടികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന അവരുടെ ആവശ്യം ഇറാൻ തള്ളി. ഇറാനെതിരായ ബോംബാക്രമണങ്ങൾക്ക് താവളമൊരുക്കിയ രാജ്യങ്ങൾ തന്നെയാണ് യഥാർത്ഥത്തിൽ നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് ഇറാന്റെ നിലപാട്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്നാമത്തെ യു.എസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് പശ്ചിമേഷ്യയിൽ എത്തിച്ചേർന്നതായി യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡ് മേഖലയിൽ ഇതിനകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് രണ്ട് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾക്കൊപ്പം ഈ കപ്പലും ഇനി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരും.
ഇതിനിടെ ഇറാന്റെ ഊർജ, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പുതിയ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ- ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
അതിനിടെ, ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ യുഎസ് യുദ്ധവിമാനങ്ങളുടെ സംരക്ഷണത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് എണ്ണ ടാങ്കറുകൾ നാവിക മൈനുകളിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കും, തന്ത്രപ്രധാനമായ ഈ ജലപാതയിൽ ഇറാൻ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ ലംഘിച്ചതിനും മറുപടിയായാണ് തങ്ങൾ ഈ കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത ടാങ്കറുകൾക്കെതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗൾഫ് മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, സമീപ ദിവസങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള ഏഴാമത്തെ സംഭവമാണിത്. ഈ മേഖലയിൽ അമേരിക്ക-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 25 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ബഹ്റൈനിലെ അൽ റിഫ വ്യോമതാവളത്തിലുള്ള അമേരിക്കൻ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കാനാണ് ഈ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ടെഹ്റാൻ്റെ ഈ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി ബഹ്റൈൻ സൈന്യം അറിയിച്ചു.
ഇതിന് പിന്നാലെ, ബഹ്റൈനിലെ യുഎസ് എംബസി അവിടെയുള്ള തങ്ങളുടെ പൗരന്മാർക്കായി അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇറാനിൽ നിന്നും ഹൂതികളിൽ നിന്നും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Tensions in the Middle East escalate as Iran warns it may strike first rather than wait for another US attack, refusing to accept a "no war, no peace" situation. The USS Theodore Roosevelt has arrived in the region to bolster the US presence alongside two other carriers. Meanwhile, two oil tankers caught fire in the Strait of Hormuz after hitting naval mines, the seventh such incident recently. Bahrain's US embassy issued a security alert following drone attacks on its airbase, which Bahrain claims to have intercepted. Iran has also rejected Gulf Arab demands for compensation over regional strikes, blaming countries that hosted US operations.