സർക്കാരുണ്ടാക്കാൻ ഒരുപടി കൂടി അടുത്ത് ഐസൻകോട്ട്; നിർണായക പദവികളിൽ ധാരണയിലെത്തി പ്രതിപക്ഷം

പാർലമെന്റ് സ്പീക്കർ ഉൾപ്പടെയുള്ള പദവികളിൽ പ്രതിപക്ഷ നേതാക്കൾ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്
സർക്കാരുണ്ടാക്കാൻ ഒരുപടി കൂടി അടുത്ത് ഐസൻകോട്ട്; നിർണായക പദവികളിൽ ധാരണയിലെത്തി പ്രതിപക്ഷം
Published on: 

ഇസ്രായേലിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ പാർലമെന്റിൽ നിർണായ പദവികൾ ഉറപ്പിച്ച് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ 'ചേഞ്ച് ബ്ലോക്ക്'. പാർലമെന്റ് സ്പീക്കർ ഉൾപ്പടെയുള്ള പദവികളിൽ പ്രതിപക്ഷ നേതാക്കൾ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്.

പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളായ നഫ്താലി ബെന്നറ്റ്, യെയർ ഗോലൻ, അവിഗ്ദോർ ലീബർമാൻ, യെയർ ലാപിഡ്, ഗാദി ഐസൻകോട്ട് എന്നിവർ തമ്മിലാണ് പദവികൾ സംബന്ധിച്ച് ധാരണയായത്. ചർച്ചകൾ അനുസരിച്ച് മത്താൻ കഹാന പാർലമെന്റ് സ്പീക്കറാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അറേഞ്ച്മെന്റ് കമ്മിറ്റി അധ്യക്ഷനായി റോയ് ഫോക്മാനും പ്രതിരോധ സമിതി അധ്യക്ഷനായി അവിഗ്ദോർ ലീബർമാനും ധാരണയായെന്നാണ് ഐസൻകോട്ട് അറിയിച്ചത്. പാർലമെന്റ് പദവികളിൽ ധാരണയിലെത്തിയെങ്കിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചേഞ്ച് ബ്ലോക്കിൽ വലിയ വെല്ലുവിളികൾ തുടരുകയാണ്. അറബ് പാർട്ടികളുടെ പിന്തുണ തേടണോ അതോ തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടികളുടെ പിന്തുണ വേണോ എന്നതാണ് പ്രധാന തർക്ക വിഷയം.

സർക്കാരുണ്ടാക്കാൻ ഒരുപടി കൂടി അടുത്ത് ഐസൻകോട്ട്; നിർണായക പദവികളിൽ ധാരണയിലെത്തി പ്രതിപക്ഷം
'അയല്‍ക്കാര്‍ക്ക് സമാധാനം വേണം, യുദ്ധം ഏകദേശം അവസാനിച്ചു;' ഇറാൻ സൈനികമായി തകർന്നുവെന്ന് ട്രംപ്

അറബ് പാർട്ടികളുടെ പിന്തുണ ഐസൻകോട്ടിനാണെന്ന് നേരത്തെ അറിയിച്ചതാണ്. എന്നാൽ അറബ് പാർട്ടികളുമായി കൈകോർക്കാൻ അവിഗ്ദോർ ലീബർമാൻ ഉൾപ്പടെ പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കൾ എതിർപ്പറിയിച്ചെന്നാണ് റിപ്പോർട്ട്. പകരം തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കണമെന്നാണ് നിലപാട്. അറബ് പാർട്ടികൾക്കൊപ്പം ചേർന്നാൽ കാലാവധി പൂർത്തിയാക്കാനാകില്ലെന്നാണ് പ്രധാന വാദം.

തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടികളുമായുള്ള ബന്ധം ഇസ്രായേൽ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു. ഈ വിഭാഗത്തിലെ യുവാക്കളെ നിർബന്ധിത സൈനിക സേവനത്തിൽ ഉൾപ്പെടുത്തണമെന്ന നിലപാടാണ് ഐസൻകോട്ടും ചേഞ്ച് ബ്ലോക്കും തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ചത്. എന്നാൽ തീവ്ര ഓർത്തഡോക്സ് വിഭാ​ഗം നിർബന്ധിത സൈനിക സേവനത്തിന് ഇളവ് നൽകണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ ഇസ്രായേലിന്റെ പുതിയ പാർലമെന്റ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇടക്കാല പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചേഞ്ച് ബ്ലോക്ക് ഒന്നിച്ചത്. 120 അംഗങ്ങളുള്ള നെസറ്റിൽ 67 പേരുടെ പിന്തുണ ലഭിച്ചതിനെത്തുടർന്ന് ​ഗാദി ഐസൻകോട്ടിനെയാണ് സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ചുമതലപ്പെടുത്തിയത്. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് പ്രസിഡന്റ് നൽകിയത്. ആവശ്യമെങ്കിൽ രണ്ടാഴ്ച കൂടി കാലാവധി നീട്ടിനൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Summary

Israeli opposition leader Gadi Eisenkot's Change bloc has agreed on key parliamentary appointments, bringing it a step closer to forming a government. However, disagreements over whether to seek support from Arab or ultra-Orthodox parties continue to complicate coalition negotiations