

ജറുസലേം: പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഊർജ്ജ നിലയങ്ങളും വാതകപ്പാടങ്ങളും ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇസ്രയേലിന്റെ തീരുമാനം. ഊർജ്ജ മേഖലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള എണ്ണ വിപണിയെ ബാധിക്കുന്നത് പോലെ തന്നെ ലോക സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് ലോക രാഷ്ട്രങ്ങൾ ഇടപെട്ടത്. തത്കാലം ഊർജ്ജ മേഖലകളെ ഒഴിവാക്കികൊണ്ട്, ഇറാന്റെ സൈനിക താവളങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള തിരിച്ചടിക്കാണ് ഇസ്രായേൽ പദ്ധതിയിടുന്നത്
ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ പ്രത്യാക്രമണം ഉണ്ടാവുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇറാനിലെ ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ലക്ഷ്യം വെക്കുന്നത് മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി ഭവിക്കാനും യുദ്ധം കൂടുതൽ വഷളാവുന്നതിലേക്കും നയിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ആക്രമണം സൈനിക താവളങ്ങളിലും പ്രതിരോധ സംവിധാനങ്ങളിലും മാത്രമായി പരിമിതപ്പെടുത്താൻ ഇസ്രായേൽ തീരുമാനിച്ചത്.
ഇസ്രായേലിന്റെ ഈ നീക്കം താത്കാലികാശ്വാസം നൽകുന്നുണ്ടെങ്കിലും മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ ആവർത്തിക്കുമ്പോൾ, സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഇസ്രയേലും. വരും ദിവസങ്ങളിലെ ഇസ്രായേലിന്റെ സൈനിക നീക്കങ്ങളായിരിക്കും പശ്ചിമേഷ്യയുടെ ഭാവി നിർണയിക്കുന്നതെന്നും അന്താരഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
English summary : Amid rising tensions in the Middle East, Benjamin Netanyahu has assured that Israel will not target Iran’s oil and gas facilities following global pressure led by the U.S. Instead, Israel plans to focus its response on Iranian military targets, aiming to avoid major disruptions to the global economy.