ഇസ്രായേലില്‍ റെക്കോര്‍ഡ് പോളിങ്; തോല്‍വി ഭീതിയില്‍ നെതന്യാഹു, അട്ടിമറി ആരോപണത്തിന് ലിക്വിഡ് പാര്‍ട്ടി നീക്കം

അറബ് മേഖലകളിലെ വോട്ടിങ് തടസ്സപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി അറബ് ന്യൂനപക്ഷ അവകാശ സംഘടനയായ 'അദാല' ആരോപിച്ചു. ബാലറ്റുകള്‍ വ്യാപകമായി നശിപ്പിച്ചെന്ന് യുണൈറ്റഡ് അറബ് ലിസ്റ്റ് തലവന്‍ മന്‍സൂര്‍ അബ്ബാസ്.
ഇസ്രായേലില്‍ റെക്കോര്‍ഡ് പോളിങ്; തോല്‍വി ഭീതിയില്‍ നെതന്യാഹു, അട്ടിമറി ആരോപണത്തിന് ലിക്വിഡ് പാര്‍ട്ടി നീക്കം
Published on: 

ഇസ്രായേല്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 44.9 ശതമാനം വോട്ടര്‍മാരാണ് വിവിധ ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഈ നിര്‍ണായക വിധിയെഴുത്തില്‍ പോളിങ് കുതിച്ചുയര്‍ന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഫലം തങ്ങള്‍ക്ക് പ്രതികൂലമായാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിക്കാനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്വിഡ് പാര്‍ട്ടിയുടെ നീക്കം.

തോല്‍വി മുന്നില്‍ക്കണ്ട് തന്ത്രങ്ങള്‍ മെനയുന്നു

തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട് വോട്ടെടുപ്പ് തടസ്സപ്പെടുത്താനും വ്യാപക ക്രമക്കേടുകള്‍ ആരോാപിക്കാനും ലിക്വിഡ് നേതൃത്വം പദ്ധതിയിടുന്നതായി പ്രമുഖ ഇസ്രയേലി മാധ്യമമായ 'ഹാരെറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകിച്ചും അറബ് മേഖലകളിലെ ബൂത്തുകളില്‍ കൃത്രിമം നടന്നെന്ന് വരുത്തിതീര്‍ക്കാനാണ് പ്രധാന ലക്ഷ്യം. ബുര്‍ഖയും മുഖാവരണവും ധരിച്ചെത്തുന്ന അറബ് വനിതകളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തടയുന്നത് ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതായി 'ഹാരെറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. മുഖാവരണം മാറ്റി വ്യക്തിയെ തിരിച്ചറിയണമെന്ന വാദമുയര്‍ത്തി അറബ് ബൂത്തുകളില്‍ മനപ്പൂര്‍വം കാലതാമസം സൃഷ്ടിക്കാന്‍ ലിക്വിഡ് വോളന്റിയര്‍മാരെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കാന്‍ സാധ്യതയില്ലെന്നും സുരക്ഷാസംവിധാനങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാണെന്നും സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഡീന്‍ ലിവ്നെ വ്യക്തമാക്കി.

നെതന്യാഹുവിന്റെ പ്രചാരണവും വോട്ടര്‍മാരുടെ പ്രതികരണവും

റെക്കോഡ് പോളിങ്ങില്‍ പരിഭ്രാന്തനായ പ്രധാനമന്ത്രി നെതന്യാഹു കടുത്ത പ്രചാരണവുമായി രംഗത്തെത്തി. ഇടതുപക്ഷവും അറബ് പാര്‍ട്ടികളും ചേര്‍ന്ന് 'തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍' ശ്രമിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം വോട്ടര്‍മാര്‍ക്ക് ശബ്ദസന്ദേശങ്ങള്‍ അയച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ജനവികാരമാണ് ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതിഫലിക്കുന്നത്.

ഇസ്രായേലില്‍ റെക്കോര്‍ഡ് പോളിങ്; തോല്‍വി ഭീതിയില്‍ നെതന്യാഹു, അട്ടിമറി ആരോപണത്തിന് ലിക്വിഡ് പാര്‍ട്ടി നീക്കം
സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി, സുപ്രീം കോടതിയെ സമീപിച്ച് മാധ്യമങ്ങള്‍; കൂട്ടത്തില്‍ അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍

വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങളും പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടെല്‍ അവീവില്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് യെയര്‍ ഗോലന് നേരെ കത്തിയുമായി ഒരാള്‍ ആക്രമണത്തിന് മുതിര്‍ന്നത് വന്‍ സുരക്ഷാ ആശങ്ക സൃഷ്ടിച്ചു. അക്രമിയെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. വടക്കന്‍ ഇസ്രയേലിലെ തിബീരിയസില്‍ പാര്‍ട്ടിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

അറബ് മേഖലകളിലെ വോട്ടിങ് തടസ്സപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി അറബ് ന്യൂനപക്ഷ അവകാശ സംഘടനയായ 'അദാല' ആരോപിച്ചു. യുണൈറ്റഡ് അറബ് ലിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ബാലറ്റുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തതായി പാര്‍ട്ടി തലവന്‍ മന്‍സൂര്‍ അബ്ബാസ് പരാതി നല്‍കി. കൂടാതെ, വോട്ടര്‍മാരെ സ്വാധീനിക്കാനും ബൂത്തുകളില്‍ തടസ്സം സൃഷ്ടിക്കാനും നിരോധിത ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുമായി നഫ്താലി ബെന്നറ്റിന്റെ 'ടുഗെദര്‍' പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷ സഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രാത്രി പത്ത് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമെങ്കിലും സങ്കീര്‍ണമായ സഖ്യസാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ കടുത്ത അനിശ്ചിതത്വം തുടരാനാണ് സാധ്യത.

Summary

Israel has recorded its highest voter turnout in nearly half a century during the parliamentary elections, with 44.9% of eligible voters casting their ballots by 2 pm. The high turnout has sparked intense political debate, as Prime Minister Benjamin Netanyahu's Likud party reportedly prepares to challenge the election results if they prove unfavourable. According to Israeli newspaper Haaretz, the Likud leadership is planning to allege electoral fraud and disrupt voting, particularly in Arab-majority areas. The reported strategy includes deploying party volunteers to polling stations to challenge the identities of Arab women wearing burqas or face coverings, potentially causing deliberate delays. However, Central Elections Committee Director General Dean Livne said there was no indication of electoral fraud and that security arrangements were fully in place.

Madism Digital
madismdigital.com