'താങ്കളുടെ വിഡ്ഢിത്തങ്ങൾക്ക് നന്ദി, മിസ്റ്റർ പ്രസിഡന്റ്'; ട്രംപിനെ പരിഹസിച്ച് ജിമ്മി കിമ്മൽ

ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ജിമ്മിയുടെ പരാമർശങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം ഇടപെട്ടതോടെയാണ് ഷോ സസ്പെൻഡ് ചെയ്തത്
'താങ്കളുടെ വിഡ്ഢിത്തങ്ങൾക്ക് നന്ദി, മിസ്റ്റർ പ്രസിഡന്റ്'; ട്രംപിനെ പരിഹസിച്ച് ജിമ്മി കിമ്മൽ
Published on

അമേരിക്കൻ ലേറ്റ് നൈറ്റ് ടോക് ഷോ അവതാരകൻ ജിമ്മി കിമ്മൽ തന്റെ 'ജിമ്മി കിമ്മൽ ലൈവ്' ഷോയ്ക്കായി 31-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കി. ജനുവരി 4ന് സാന്താ മോണിക്കയിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ ജിമ്മി കിമ്മൽ, ട്രംപിനെ പരിഹസിച്ച് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

'എനിക്ക് ഏറ്റവും നന്ദി, ഞങ്ങളുടെ പ്രസിഡന്റ് ഡൊണാൾഡ് ജെന്നിഫർ ട്രംപിനോടാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഇന്ന് വെറും കൈയ്യോടെ വീട്ടിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഓരോ ദിവസവും താങ്കൾ ചെയ്യുന്ന നിരവധി വിഡ്ഢിത്തങ്ങൾക്ക് നന്ദി, മിസ്റ്റർ പ്രസിഡന്റ്. കഴിഞ്ഞ രണ്ടാഴ്ചകൾ മികച്ചതായിരുന്നു, നാളെ രാത്രി ഷോയിൽ അതൊക്കെ ചർച്ച ചെയ്യാൻ കാത്തിരിക്കുന്നു," എന്നായിരുന്നു ജിമ്മിയുടെ വാക്കുകൾ.

ട്രംപിന്റെ മധ്യനാമമായ 'ജോൺ' (ജെ) എന്നതിനെ 'ജെന്നിഫർ' എന്നാക്കിയാണ് ജിമ്മി പരിഹസിച്ചത്. ജിമ്മി കിമ്മലും ഡൊണാൾഡ് ട്രംപും തമ്മിലുള്ള വാക്പോര് വർഷങ്ങളായി തുടരുകയാണ്. 2025ൽ ജിമ്മിയുടെ ഷോ താൽക്കാലികമായി നിർത്തിവെച്ചതിന്റെ പിന്നിലും ട്രംപിന്റെ സമ്മർദ്ദമുണ്ടായിരുന്നു. ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ജിമ്മിയുടെ പരാമർശങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം ഇടപെട്ടതോടെയാണ് അന്ന് ഷോ നിർത്തിയത്. എന്നാൽ ഷോ തിരിച്ചെത്തിയപ്പോൾ റെക്കോർഡ് റേറ്റിംഗാണ് നേടിയത്.

പുരസ്കാരം സ്വീകരിച്ച് സംസാരിക്കവേ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജിമ്മി ഊന്നിപ്പറഞ്ഞു. 'റൈറ്റേഴ്സ്, ആക്ടേഴ്സ്, പ്രൊഡ്യൂസേഴ്സ്, യൂണിയൻ അംഗങ്ങൾ എന്നിവരോട് നന്ദി. നമ്മൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരിക്കലും നിസ്സാരമായി കാണരുത്,' അദ്ദേഹം കൂട്ടിചേർത്തു. സ്റ്റീഫൻ കോൾബെർട്ടിന്റെ 'ദി ലേറ്റ് ഷോ', സെത്ത് മെയേഴ്സിന്റെ 'ലേറ്റ് നൈറ്റ്', 'ദി ഡെയിലി ഷോ' തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് 'ജിമ്മി കിമ്മൽ ലൈവ്' ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം നേടിയത്. 2018ന് ശേഷം രണ്ടാം തവണയാണ് ഷോയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.

English Summary: Jimmy Kimmel Live won Best Talk Show at the Critics Choice Awards, with Kimmel’s Trump-mocking acceptance speech going viral online.

Related Stories

No stories found.
Madism Digital
madismdigital.com