

രാജ്യത്ത് ഭൂരിഭാഗം ജനങ്ങളും കടുത്ത പട്ടിണിയിലും പോഷകാഹാരക്കുറവിലും വലയുമ്പോൾ, പുതിയ മാംസവിഭവ ശാലകളും 'ബാർബിക്യൂ' പ്രചാരണങ്ങളുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രാജ്യവ്യാപകമായി "ബുൾഗോഗി സ്പെഷ്യൽറ്റി റെസ്റ്റോറന്റുകൾ" എന്ന പേരിൽ തരംഗമുണ്ടാക്കാനും പട്ടിണി പ്രതിസന്ധിയെ മറച്ചുവെക്കാനും ശ്രമിക്കുന്ന കിമ്മിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഉത്തരാകൊറിയൻ പരമ്പരാഗത ഗ്രിൽഡ് ബീഫ്/മീറ്റ് വിഭവമായ 'ബുൾഗോഗി' വിളമ്പുന്ന ഡസൻ കണക്കിന് ആഡംബര റെസ്റ്റോറന്റുകളാണ് പ്യോങ്യാങ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സർക്കാർ മുൻകൈയെടുത്ത് തുറന്നിരിക്കുന്നത്.
കിം ജോങ് ഉൻ തന്നെയാണ് ഈ റെസ്റ്റോറന്റുകളുടെ ഡിസൈനുകൾ വ്യക്തിപരമായി പരിശോധിച്ച് അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. രാജ്യം പുരോഗതിയിലാണെന്നും ജനങ്ങൾക്ക് സുഭിക്ഷമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും കാണിക്കാനുള്ള ഭരണകൂടത്തിന്റെ വിചിത്ര പ്രചാരണമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ബീഫും മറ്റ് മാംസങ്ങളും സാധാരണക്കാർക്ക് ഇപ്പോഴും ആഡംബര വസ്തുവായി തുടരുമ്പോൾ ഇത്തരം വലിയ ബിഗ്-ബജറ്റ് ഭക്ഷണശാലകൾ ആർക്കുവേണ്ടിയാണ് തുറന്നത് എന്ന ചോദ്യമാണ് അന്താരാഷ്ട്ര ഏജൻസികൾ ഉന്നയിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരുകയും കടുത്ത പട്ടിണി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നടപടി എന്നതാണ് ശ്രദ്ധേയം.
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പ്രകാരം ഉത്തര കൊറിയയിലെ 40 ശതമാനത്തിലധികം ജനങ്ങളും കടുത്ത പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും അനുഭവിക്കുന്നവരാണ്. അ തുകൊണ്ട് തന്നെയാണ് ആവശ്യത്തിന് അരിയും ധാന്യങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാംസഭക്ഷണശാലകൾ തുറക്കുന്നതിന്റെ വൈരുധ്യം വാർത്തകളിൽ നിറയുന്നതും.
കഴിഞ്ഞ സീസണുകളിലുണ്ടായ ഉഷ്ണതരംഗവും പ്രകൃതിദുരന്തങ്ങളും മൂലം രാജ്യത്തെ കാർഷിക വിളവെടുപ്പ് ഗണ്യമായി കുറഞ്ഞിരുന്നു. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള പരിമിതമായ അടിയന്തര സഹായങ്ങൾ മാത്രമാണ് വിതരണത്തിനുള്ളത്.
ആണവ-മിസൈൽ പരീക്ഷണങ്ങൾ കാരണം ആഗോള സമൂഹത്തിൽ നിന്ന് നേരിടുന്ന കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങളും ചൈനയുമായുള്ള അനൗദ്യോഗിക വ്യാപാരത്തിലെ തടസ്സങ്ങളും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു.
രാജ്യത്തെ ജനങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുമ്പോഴും മിസൈൽ പരീക്ഷണങ്ങൾക്കും റഷ്യൻ യുദ്ധ പിന്തുണയ്ക്കും വേണ്ടി ശതകോടികളാണ് ഉത്തര കൊറിയൻ ഭരണകൂടം ചെലവഴിക്കുന്നത്.
റഷ്യൻ യുദ്ധമുഖത്തേക്ക് ആയുധങ്ങളും സൈനികരെയും അയച്ചുകൊണ്ട് പണം കണ്ടെത്താനുള്ള ശ്രമങ്ങൾ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താൻ ഉപകരിക്കുന്നില്ല.
ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളായ പച്ചക്കറികളും ധാന്യങ്ങളും ലഭ്യമാക്കുന്നതിന് പകരം ബാർബിക്യൂ മാംസമേളകൾ നടത്തി ലോകത്തിന് മുന്നിൽ കൃത്രിമമായി 'സുഖസമൃദ്ധി' പ്രദർശിപ്പിക്കാനാണ് കിം ജോങ് ഉൻ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ഉത്തരാകൊറിയയിലെ സാധാരണക്കാർ ജീവിക്കുന്നത് 'ജങ്മാദങ്' എന്നറിയപ്പെടുന്ന അനൗദ്യോഗിക സ്വകാര്യ ചന്തകളെ ആശ്രയിച്ചാണ്. എന്നാൽ ഇത്തരം സ്വകാര്യ വ്യാപാരങ്ങൾക്ക് മേൽ സർക്കാർ കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങളുടെ ദിവസേനയുള്ള വരുമാന മാർഗ്ഗങ്ങളെയും തകർത്തിട്ടുണ്ട്.
While much of the North Korean population struggles with severe hunger and malnutrition, leader Kim Jong Un is promoting new meat restaurants and barbecue campaigns. His move to create a nationwide trend around “Bulgogi Specialty Restaurants” has drawn widespread international criticism, with critics accusing him of trying to divert attention from the country's food crisis.