

കുവൈത്ത് സിറ്റി: അമേരിക്ക–ഇസ്രയേൽ–ഇറാൻ സൈനിക സംഘർഷം നീണ്ടുനിൽക്കുന്നതിനിടെ ആഗോള ഊർജ്ജ വിപണിയിൽ വലിയ അനിശ്ചിതത്വമാണ് തുടരുന്നത്. ഏകദേശം നാൽപത് ദിവസമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കുകളും ഇന്ധനവിലകളും പല രാജ്യങ്ങളിലും മാറ്റങ്ങൾ നേരിടുന്നതായി ‘ഗ്ലോബൽ പെട്രോൾ പ്രൈസസ്’ പുറത്തിറക്കിയ പുതിയ വിലയിരുത്തൽ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയിൽ വരുന്ന ഉയർച്ചയും ഇടിവും മാത്രമല്ല, രാജ്യങ്ങൾ സ്വീകരിക്കുന്ന നികുതി നയങ്ങളും സബ്‌സിഡികളും കൂടി ചേർന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അന്തിമ വില രൂപപ്പെടുന്നത്.
ഏപ്രിൽ ആദ്യവാരത്തിലെ കണക്കുകൾ പ്രകാരം, ഡീസൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് മുൻനിരയിൽ തുടരുന്നു. ലിറ്ററിന് ഏകദേശം 0.37 ഡോളർ നിരക്കിലാണ് ഇവിടെ ഡീസൽ ലഭ്യമാകുന്നത്. ഈ വിഭാഗത്തിൽ വെനിസ്വേല, ഇറാൻ, ലിബിയ, അൾജീരിയ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കുവൈറ്റിന് മുൻപിലുണ്ട്. പെട്രോൾ വിലയിലും കുവൈത്ത് ശ്രദ്ധേയ സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്. ലിറ്ററിന് ഏകദേശം 0.339 ഡോളർ നിരക്കിൽ ലോകത്ത് ഏറ്റവും കുറഞ്ഞ വിലയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് കുവൈറ്റിനുള്ളത്. ലിബിയയാണ് ഒന്നാം സ്ഥാനത്ത്, തുടർന്ന് ഇറാൻ, വെനിസ്വേല, അംഗോള എന്നിവയാണ് ഉൾപ്പെടുന്നത്.
ആഗോള വിപണിയിലെ തുടർച്ചയായ അസ്ഥിരതകൾക്കിടയിലും ഇന്ധനവില നിയന്ത്രണ വിധേയമാക്കുന്നതിൽ ചില എണ്ണ ഉൽപാദക രാജ്യങ്ങൾ സ്വീകരിക്കുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ഇന്ധനവില വർധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ ഓയിൽ റിഫൈനറികളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നിലവിൽ സാരമുള്ളതല്ലെന്നും സ്ഥിരീകരണമുണ്ട്. സംഘർഷത്തിൽ അയവുണ്ടായില്ലെങ്കിൽ ഇത് എണ്ണ ഉത്പാദന വിതരണ മേഖലയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കും.
English Summary: Kuwait remains among the world’s lowest fuel price countries, ranking high for cheap petrol and diesel despite global energy market instability.