നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. നേപ്പാൾ പൊലീസിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം നേപ്പാളിൽ മാത്രം മരണസംഖ്യ 626 ആയി ഉയർന്നു. ചൈനയിലെ ടിബറ്റിൽ ഏഴ് പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 2,478 പേരെയാണ് കാണാതായിട്ടുള്ളത്. ഇതിൽ 1,924 പേർ നേപ്പാളിലും 554 പേർ ടിബറ്റിലുമാണ്. കാണാതായവരിൽ 777 പേർ വിദേശ പൗരന്മാരാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ടിബറ്റിലെ കൈലാസ പർവതത്തിലേക്ക് യാത്ര പോയ നിരവധി തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യക്കാരായ 98 പേരെയും, 90 യുഎസ് പൗരന്മാരെയും, 41 ഓസ്‌ട്രേലിയക്കാരെയും കാണാതായവരിൽ ഉൾപ്പെടുന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. അതിനിടെ, നേപ്പാളിൽ നിന്നുള്ള നദികളിലൂടെ ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർ കണ്ടെടുത്തു.
ഇതുവരെ നാലായിരത്തോളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ദുരന്തം ഏകദേശം 93,000 ആളുകളെ ബാധിച്ചതായി റെഡ് ക്രോസ് വ്യക്തമാക്കി. ദുരന്തബാധിതരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് അടിയന്തരമായി ഭക്ഷണവും കുടിവെള്ളവും ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ നേപ്പാളിന് അടിയന്തര സാമ്പത്തിക-ഭക്ഷ്യ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ വിദഗ്ദർ മുന്നറിയിപ്പ് നൽകി. മഞ്ഞുമലകൾ ഉരുകുന്ന സമയമായതിനാലും മൺസൂൺ മഴ കനക്കുന്നതിനാലും ഹിമാലയൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും വീണ്ടും വെള്ളപ്പാച്ചിലിനും വലിയ സാധ്യതയുണ്ട്. അടിഞ്ഞുകൂടിയ ചെളിയും ഭീമൻ പാറക്കല്ലുകളും വകഞ്ഞുമാറ്റിയുള്ള രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ടിബറ്റിലെ ഗൈറോങ് അതിർത്തിയിൽ എത്തിയ ചൈനീസ് രക്ഷാപ്രവർത്തകർക്കും ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. ഇവിടെ മാത്രം 550 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അതേസമയം, നേരത്തെ വിദേശ സഹായം വേണ്ടെന്ന നിലപാടിലുണ്ടായിരുന്ന നേപ്പാൾ ഭരണകൂടം, ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചതോടെ ആ തീരുമാനത്തിൽ മാറ്റം വരുത്തി. രസുവയിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നേപ്പാൾ സൈന്യം ചെളിയിലൂടെ ഇഴഞ്ഞുനീങ്ങിയാണ് കടുത്ത രക്ഷാപ്രവർത്തനം നടത്തുന്നത്. തുരങ്കങ്ങളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനും, മൃതദേഹങ്ങൾ തിരിച്ചറിയാനും സൂക്ഷിക്കാനുമുള്ള പ്രത്യേക സാങ്കേതിക സഹായം മറ്റ് രാജ്യങ്ങൾ നൽകണമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, തകർന്നടിഞ്ഞ രണ്ട് ഡസനിലേറെ പാലങ്ങൾക്ക് പകരമായി ഗതാഗതവും ആശയവിനിമയവും വേഗത്തിൽ പുനഃസ്ഥാപിക്കാൻ പെട്ടെന്ന് നിർമ്മിക്കാവുന്ന ബെയ്‌ലി പാലങ്ങൾ നൽകണമെന്ന് നേപ്പാൾ ഇന്ത്യയോടും ചൈനയോടും പ്രത്യേകമായി അഭ്യർത്ഥിച്ചിട്ടുണ്ട്.
The devastating flash floods on the Nepal-China border have claimed over 626 lives, with nearly 2,500 people currently missing, including hundreds of foreign nationals and pilgrims. As the humanitarian crisis deepens affecting over 93,000 people, Nepal has requested specialized international assistance for complex tunnel rescues and asked India and China for Bailey bridges to restore connectivity. Rescue operations face severe challenges due to the imminent threat of secondary floods triggered by melting ice and heavy monsoon rains.