

ഗസ്സയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതി ഇസ്രായേൽ തള്ളിയിരിക്കുകയാണ്. ഹമാസ് ആയുധം പൂർണമായി താഴെ വയ്ക്കാതെ ഒരു കരാറും അംഗീകരിക്കില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നത്. ഹമാസ് കീഴടങ്ങുന്നത് വരെ ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസും മറ്റ് സായുധസംഘങ്ങളും പൂർണമായി നിരായുധരാകണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന കരാറിനെക്കുറിച്ച് ട്രംപിന്റെ ബോർഡ് ഓഫ് പീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പദ്ധതി അംഗീകരിക്കുന്നതായി ഹമാസ് വ്യക്തമാക്കിയിരുന്നെങ്കിലും, ഇസ്രയേൽ ആക്രമണം പൂർണമായി അവസാനിപ്പിക്കുകയും ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ കൈമാറുകയുള്ളൂവെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതുവരെ പദ്ധതിയിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കാതിരുന്ന ഇസ്രയേലാണ് ഇപ്പോൾ എതിർപ്പ് പരസ്യമാക്കിയത്.
ബോർഡ് ഓഫ് പീസ് എന്ന പേരിലാണ് 15 ഇന സമാധാന പദ്ധതി ട്രംപ് മുന്നോട്ട് വച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ പദ്ധതിയിൽ, കരാറിന്റെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നതിനും "ഗാസയുടെ പുനർനിർമ്മാണത്തിനുള്ള ധനസഹായം കൈകാര്യം ചെയ്യുന്നതിനുമായി" ബോർഡ് ഓഫ് പീസ് എന്ന സമിതി രൂപീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എത്തിയ പ്രാഥമിക വെടിനിർത്തൽ കരാർ പ്രകാരമുള്ള വാഗ്ദാനങ്ങൾ ഇസ്രായേൽ പാലിക്കുന്നതിന് വിധേയമായിരിക്കും ഇതെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്രായേൽ "എല്ലാത്തരം ആക്രമണങ്ങളും" അവസാനിപ്പിക്കുകയും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും തങ്ങളുടെ കൈവശമുള്ള വൻകിട ആയുധങ്ങൾ അടിയറവ് വെക്കുന്നത് എന്നാണ് ഹമാസ് പ്രതികരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ പ്രാഥമിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിലും, അതിനു ശേഷവും അവിടെ ആക്രമണങ്ങൾ തുടരുകയാണ്.
അമേരിക്കയുടെ 15 ഇന രേഖ അംഗീകരിക്കുന്നില്ലെന്ന് തന്നെയാണ് മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ നെതന്യാഹു തുറന്നടിച്ചത്. 'ഹമാസിനെ നിരായുധീകരിക്കുന്നത് വരെ സൈന്യം യാതൊരുവിധ പിന്മാറ്റവും നടത്തില്ല... അതിനർത്ഥം വൻകിട ആയുധങ്ങളും ചെറിയ ആയുധങ്ങളും ഉൾപ്പെടെ എല്ലാത്തരം ആയുധങ്ങളും ഉപേക്ഷിക്കണം എന്നാണ്.
വ്യാജമായ നിരായുധീകരണമല്ല, യഥാർത്ഥത്തിലുള്ള നിരായുധീകരണത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്' പദ്ധതിയെക്കുറിച്ച് ഇസ്രായേൽ അമേരിക്കയുമായി ചർച്ച നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലും നെതന്യാഹു സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.
"അവരുടെ (യു.എസ്) പക്കൽ ചില ആശയങ്ങളുണ്ട്; അതിൽ ചിലത് ഞങ്ങൾക്ക് സ്വീകാര്യമാണ്, എന്നാൽ ചിലത് സ്വീകാര്യമല്ല താനും," കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാതെ നെതന്യാഹു കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധത്തിൽ നെതന്യാഹു ട്രംപിനെ പ്രശംസിക്കുമ്പോൾ തന്നെയാണ് ഗാസയിൽ അദ്ദേഹത്തിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് സൂചന. ട്രംപ് പറയുന്നത് മാത്രമാണ് നെതന്യാഹു അനുസരിക്കുന്നതെന്ന് ഇസ്രയേലിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടക്കുന്ന വേളയിൽകൂടിയാണ് ശക്തമായ പ്രസ്താവനകൾ.
Israel has rejected the Gaza peace plan proposed by U.S. President Donald Trump. Israeli Prime Minister Benjamin Netanyahu has reiterated that no agreement will be accepted unless Hamas completely lays down its arms. He also stated that Israeli forces will not withdraw from Gaza until Hamas surrenders.
Last month, Trump's Board of Peace announced a proposal that included a condition requiring Hamas and other armed groups to fully disarm. While Hamas had indicated its willingness to accept the plan, it maintained that weapons would only be handed over if Israel completely ended its military offensive and withdrew its troops from Gaza.
Israel, which had not officially stated its position on the proposal until now, has publicly voiced its opposition to the plan.