

പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖമേനിയ്ക്ക് പിന്തുണ അറിയിച്ച് ഉത്തര കൊറിയ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം നിയമവിരുദ്ധമാണെന്നും അതിനെ അപലപിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ പ്യോങ്യാങ് ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ നിയമവിരുദ്ധമായ സൈനിക ആക്രമണം നടത്തുന്നതിലൂടെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ തകർക്കുകയും അന്താരാഷ്ട്ര തലത്തിൽ അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കയും ഇസ്രായേലുമാണെന്നും ഉത്തര കൊറിയ ആരോപിച്ചു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയെയും തകർക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ലോകം മുഴുവൻ ഇതിനെ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തെ ഏറ്റവും പുതിയതും വലുതുമായ നേവൽ ഡിസ്ട്രോയറായ ചോയ് ഹോനിൽ നിന്ന് ക്രൂയിസ് മിസൈലുകൾ പരീക്ഷിക്കുന്നത് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് നിരീക്ഷിച്ചതായും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ചോയ് ഹോനിൽ നിന്നുള്ള രണ്ടാമത്തെ മിസൈൽ പരീക്ഷണമായിരുന്നു ഇത്. ഇതിന് മുമ്പ് റഷ്യയും മുജ്തബ ഖാനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
English Summary: North Korea has backed Mojtaba Khamenei as Iran’s new Supreme Leader and condemned the US and Israel for alleged illegal attacks on Iran, warning they threaten global stability. It also reported that Kim Jong Un supervised a cruise missile test from a new naval destroyer.