

അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ, അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അവ യഥാർഥ്യമാണ്’ എന്നും, എന്നാൽ അവ എവിടെയാണ് എന്ന് തനിക്കറിയില്ല എന്നുമായിരുന്നു ഒബാമയുടെ മറുപടി. ‘‘ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ൽ ഒളിച്ചിരിക്കുകയല്ല. അവിടെ ഭൂഗർഭ സൗകര്യമില്ല. അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’’ – ഒബാമ പറഞ്ഞു.
ബരാക് ഒബാമ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നെവാഡയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമായ ഏരിയ 51ൽ അന്യഗ്രഹ ജീവികളെയോ അവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സർക്കാർ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ നിരവധിയുണ്ട്.
മുൻപും പലതവണ അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 2021-ൽ ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ച്, അന്യഗ്രഹജീവികളുടെ കാര്യത്തിൽ ക്യാമറയ്ക്ക് മുന്നിൽ പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നായിരുന്നു ഒബാമ പറഞ്ഞത്. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കൽ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2021-ൽ ആകാശത്തിലൂടെ പറക്കുന്ന ചില ബഹിരാകാശ വസ്തുക്കളുടെ മൂന്ന് വീഡിയോകൾ പെന്റഗൺ പുറത്തുവിട്ടിരുന്നു. ഈ വർഷം ഇന്ത്യ സന്ദർശിച്ചപ്പോൾ, നാസ ബഹിരാകാശയാത്രികയായി സുനിത വില്യംസ് പോലും പ്രപഞ്ചത്തിൽ നാം തനിച്ചല്ലെന്ന് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണ് പല ഗവേഷകരും.
English Summary: Former US President Barack Obama has reignited global debate by stating in a podcast that he believes extraterrestrials are real