

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന, ആർഎസ്എസ് ബന്ധമുള്ള രണ്ട് സംഘടനകൾ അഞ്ച് വർഷം കൊണ്ട് 117.8 ദശലക്ഷം ഡോളർ അഥവാ 926 കോടി രൂപ സ്വരൂപിച്ചതായി റിപ്പോർട്ട്. സംഭാവനകളായും ഗ്രാന്റുകളായും പൈസ സ്വരൂപിച്ചെന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ബെല്ലിംഗ്യാറ്റിന്റെ കണ്ടെത്തൽ. യു.എസിലെ നികുതി രേഖകൾ പരിശോധിച്ചാണ് ഏജൻസി റിപ്പോർട്ട് തയ്യാറാക്കിയത്.
ടെക്സസിലെ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയ ഫൌണ്ടേഷൻ ഓഫ് യുഎസ്എ (Ekal USA), സേവ ഇൻ്റർനാഷണൽ ഇൻക് (Sewa USA) എന്നീ ഏജൻസികൾക്കെതിരെയാണ് റിപ്പോർട്ട്. സംഘടനകൾക്ക് പണം എവിടെ നിന്ന് ലഭിച്ചു, അവരത് എവിടേക്ക് അയച്ചു എന്നതെല്ലാം ബെല്ലിംഗ്ക്യാറ്റ് വിലയിരുത്തി.
ഏകൽ യുഎസ്എ അഞ്ച് വർഷം കൊണ്ട് 360 കോടി രൂപയിലധികം സമ്പാദിച്ചിട്ടുണ്ട്. ഇതിൽ 265 കോടിയോളം ഇന്ത്യയിലെ ഏകൽ വിദ്യാലയങ്ങളിലേക്ക് അയച്ചു. സേവാ യുഎസ്എ ഏകദേശം 545 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 233 കോടി ഇന്ത്യയിലേക്കും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും കൈമാറി.
അമേരിക്കയിലെ ഡോണർ അഡ്വൈസ്ഡ് ഫണ്ടുകൾ (DAF) വഴി യഥാർഥ ദാതാക്കളുടെ വിവരങ്ങൾ വെളിപ്പെടുത്താതെ, 24.4 മില്യൺ ഡോളറിലധികം തുക ഈ സംഘടനകൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ, ദാതാക്കൾ ഒരു സ്പോൺസറിംഗ് ചാരിറ്റിക്ക് പണം നൽകുകയും ഏത് ഗ്രൂപ്പുകൾക്ക് ഗ്രാൻ്റുകൾ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു, എന്നാൽ ഗ്രാൻ്റ് സ്വീകരിക്കുന്നവരുടെ പബ്ലിക് ഫയലിംഗുകളിൽ യഥാർത്ഥ ദാതാവിൻ്റെ പേര് കാണണമെന്നില്ല.
ഏകൽ യുഎസ്എ (Ekal USA) യ്ക്ക് ഈ രീതിയിൽ കുറഞ്ഞത് 8.3 ദശലക്ഷം ഡോളറും, സേവാ യുഎസ്എ (Sewa USA) യ്ക്ക് കുറഞ്ഞത് 16 ദശലക്ഷം ഡോളറും ലഭിച്ചു. ഇരുവരും ചേർന്ന് ഇത്തരം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന 34 ഓർഗനൈസേഷനുകളിൽ നിന്നായി കുറഞ്ഞത് 24.4 ദശലക്ഷം ഡോളർ നേടി, ഇത് ഈ കാലയളവിലെ അവരുടെ സംയുക്ത വരുമാനത്തിൻ്റെ 20.7 ശതമാനത്തോളമാണ്.
നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ഇത്തരം ഫണ്ടുകൾ അങ്ങനെ കാര്യമായി ഓഡിറ്റിംഗ് വിധേയമാകാറില്ല. ലൊയോള യൂണിവേഴ്സിറ്റി ഷിക്കാഗോയിലെ സാമുവൽ ബ്രൺസൺ അഭിപ്രായപ്പെട്ടത്, ഇവയെ പൊതുവെ പബ്ലിക്ക് ചാരിറ്റികളായാണ് പരിഗണിക്കുന്നത് എന്നും അതിനാൽ തന്നെ ഇവയ്ക്ക് വ്യത്യസ്തമായ നിയമ നിയന്ത്രണങ്ങളാണ് ബാധകമാകുന്നത് എന്നുമാണ്.
അതേസമയം ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിച്ചതെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. തങ്ങൾ ആർഎസ്എസിന്ർറെ നേരിട്ടുള്ള ശാഖയോ പോഷക സംഘടനയോ അല്ലെന്ന് സേവ യു.എസ് പ്രതികരിക്കുന്നു. ഹിന്ദുമത വിശ്വാസത്തിൽ അധിഷ്ഠിതമായ, ഒരു സന്നദ്ധസംഘടനയെന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ ഇവരുടെ വെബ്സൈറ്റ് 2022ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത് തങ്ങൾ ആർഎസ്എസ് ബന്ധമുള്ള, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് എന്നാണ്. ഇതിന് പുറമെ, സേവാ ഭാരതിയെ പറ്റി പരാമർശിക്കുന്ന പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്.
വിദേശ ധനസഹായത്തെച്ചൊല്ലി ഇന്ത്യയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവരുന്നത് എന്നതിനാലാണ് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. പ്രതിപക്ഷ ഗ്രൂപ്പുകളും സിവില്‍ സമൂഹ സംഘടനകളും രാഷ്ട്രീയത്തെ സ്വാധീനിക്കാൻ വിദേശ പണം ഉപയോഗിക്കുന്നുവെന്ന് ബി.ജെ.പി നേതാക്കൾ പലപ്പോഴും ആരോപിക്കാറുണ്ട്. പ്രതിപക്ഷവും ഇതേ കാര്യം തന്നെയാണ് ബിജെപിക്കെതിരെ ആയുധമാക്കാറ്.
എന്നാൽ സംഘടനകൾ ശേഖരിച്ച പണം നേരിട്ട് ആർഎസ്എസിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ബെല്ലിംഗ്കാറ്റിന്റെ റിപ്പോർട്ട് മുൻകാല പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2026 ജനുവരിയിൽ 'പീപ്പിൾസ് ഡെമോക്രസി'യിൽ വന്ന റിപ്പോർട്ട് പ്രകാരം ആർ.എസ്.എസ്സുമായി ബന്ധമുള്ള 2,500-ലധികം സംഘടനകളുണ്ടെന്നും, അവയിൽ 107 എണ്ണം യു.എസിലുൾപ്പെടെ 39 വിദേശ രാജ്യങ്ങളിലായി ഏകദേശം 260 സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
Two US-based organisations with links to the RSS reportedly raised $117.8 million, or ₹926 crore, over five years through donations and grants, according to an investigation by international investigative agency Bellingcat. The agency prepared the report after examining US tax records.