

പശ്ചിമേഷൻ സംഘർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നീക്കത്തിൽ ഇന്ത്യ ആശങ്കപ്പെടണ്ട. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യയെ പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് റഷ്യ. ഏഷ്യൻ ഹബ്ബുകളിൽ നങ്കൂരമിട്ടുകിടക്കുന്ന ദശലക്ഷക്കണക്കിന് ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് സർക്കാർ പരിഗണിക്കും.
അതേസമയം, രാജ്യത്ത് 8 ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ നൽകുന്ന വിവരം. അടിയന്തര സാഹചര്യം നേരിടാൻ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളിൽ നിന്നുള്ള കരുതൽ ശേഖരം ഉപയോഗിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന അകമ്പടിയായി സുരക്ഷയൊരുക്കുമെന്നാണ് ട്രംപിന്റെ ഉറപ്പ്. ഊർജവിതരണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
മുൻപ് യു.എസുമായുള്ള വ്യാപാര ചർച്ചകളിൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ട്രംപ് വിലക്കിയിരുന്നു. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടർന്നാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടിയുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ ഇന്ത്യ തങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച യാതൊരു ഔദ്യോഗിക വിവരങ്ങളും ലഭ്യമായിട്ടില്ല എന്നായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
English Summary: Russia has assured India of full support if oil shipments through the Strait of Hormuz face disruptions amid rising West Asian tensions. Millions of barrels of Russian crude stored at Asian hubs may be diverted to India if needed.