ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഇതോടെ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയോ എന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി (ഐഎസ്‌ഐഎസ്) ആണ് ഈ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കിയത്. തങ്ങളുടെ സൈനിക ആണവ പദ്ധതികളെല്ലാം നിര്‍ത്തിവെക്കാമെന്ന് ജൂണ്‍ അവസാന വാരം യുഎസുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍ ഇറാന്‍ സമ്മതിച്ചിരുന്നു. ഇറാനുമേല്‍ വീണ്ടും ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടതിന് പിന്നാലെ, ഈ സാമധാന കരാര്‍ നിലനില്‍ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
പാര്‍ച്ചിന്‍ കോംപ്ലക്‌സില്‍ അറ്റകുറ്റപ്പണികള്‍ നടന്നതായി സൂചന
സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ടെഹ്റാന് തെക്കുകിഴക്കുള്ള പാര്‍ച്ചിന്‍ സൈനിക കോംപ്ലക്‌സ് ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നത് ഇവിടെയാണെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ജൂണ്‍ 22-നും ജൂലൈ ഏഴിനും ഇടയില്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ പാര്‍ച്ചിനിലെ താലിഗാന്‍- 2 കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി കാണിക്കുന്നു. ജൂണ്‍ 21-ല്‍ എടുത്ത മറ്റൊരു ഉപഗ്രഹ ചിത്രം ഇസ്ഫഹാനിനടുത്തുള്ള ഭൂഗര്‍ഭ ആണവ കേന്ദ്രമെന്ന് സംശയിക്കുന്ന പിക്ആക്‌സ് മൗണ്ടനിലെ തുരങ്കങ്ങളിലേക്ക് ട്രക്കുകളും മറ്റ് വാഹനങ്ങളും പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും കാണിക്കുന്നു. മിസൈലുകളുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ഇറാന്റെ നിലവിലുള്ള സൈനിക, ആണവ സംബന്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
ഇറാനെതിരെ സൈനിക നടപടിക്കുള്ള സാധ്യത ആവർത്തിച്ച് യുഎസ്
ഇറാനുമായുള്ള ഏതൊരു കരാറിനും അമേരിക്ക ചില വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്നുണ്ടെന്ന് യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതികൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, അവരുടെ ആണവ സാമഗ്രികൾ കൈമാറുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നയതന്ത്രം പരാജയപ്പെടുകയാണെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ പ്രവർത്തനരഹിതമാക്കാൻ യുഎസിന്റെ പക്കൽ സൈനിക പോംവഴികൾ തയ്യാറാണെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് ആയിരക്കണക്കിന് മിസൈലുകൾ തൊടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയത്.
"അമേരിക്കൻ ഐക്യനാടുകളുടെ നിലവിലെ പ്രസിഡന്റിനെ, അതായത് എന്നെ വധിക്കാനോ അല്ലെങ്കിൽ അതിന് ശ്രമിക്കാനോ ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ, ആയിരക്കണക്കിന് മിസൈലുകൾ അങ്ങോട്ട് പ്രവഹിക്കും. ഇതിനുള്ള ഉത്തരവുകൾ നൽകിക്കഴിഞ്ഞു. ഇറാന്റെ എല്ലാ പ്രദേശങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കാനും നശിപ്പിക്കാനും യുഎസ് സൈന്യം സന്നദ്ധവും പ്രാപ്തവുമാണ്. തത്കാലം ഒരു വർഷത്തേക്കാണ് ഈ ഉത്തരവ് നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് നീട്ടിയേക്കാം", ," ട്രംപ് പോസ്റ്റിൽ കുറിച്ചു.
'പരസ്പര അനുസരണം മാത്രമേ സാധ്യമാകൂ'
പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിലൂടെ താൽക്കാലിക കരാർ ലംഘിച്ചുവെന്ന് ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇറാൻ ഇതുവരെ തങ്ങളുടെ വാക്ക് പാലിച്ചിട്ടുണ്ടെന്നും എന്നാൽ അമേരിക്ക തങ്ങളുടെ പ്രതിബദ്ധതകൾ ആവർത്തിച്ച് ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ധാരണാപത്രത്തിന്റെ മറ്റൊരു ലംഘനമാണ് ഈ ഉപരോധങ്ങളെന്ന് എക്സിലെ പോസ്റ്റിൽ അരാഗ്ചി വ്യക്തമാക്കി. ഇനി മുന്നോട്ട് പോകുമ്പോൾ "പരസ്പര അനുസരണം മാത്രമേ സാധ്യമാകൂ" എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Fresh satellite images have raised questions about whether Iran has resumed nuclear and missile-related activities despite its recent understanding with the United States. Images released by the Institute for Science and International Security (ISIS) reportedly show repair and construction work at Iran's Parchin military complex and activity near underground facilities in Isfahan. The developments come amid renewed tensions, with the US warning of possible military action if diplomacy fails, while Iran accuses Washington of violating the agreement through fresh sanctions.