വെടിനിർത്താൻ 100 കോടി ഡോളർ?; ഹൂതികൾക്ക് സൗദി അറേബ്യ വൻതുക വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്

ടെഹ്റാനിൽ വെച്ച് നടന്ന മധ്യസ്ഥ ചർച്ചയിൽ സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്തിരുന്നു
വെടിനിർത്താൻ 100 കോടി ഡോളർ?; ഹൂതികൾക്ക് സൗദി അറേബ്യ വൻതുക വാഗ്ദാനം 
ചെയ്തെന്ന് റിപ്പോർട്ട്
Published on: 

യമനിലെ ഹൂതി വിമതരുമായി വെടിനിർത്തൽ കരാറിലെത്താൻ സൗദി അറേബ്യ 100 കോടി ഡോളർ വാ​ഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഇറാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ വൻ തുക നൽകാൻ സൗദി സന്നദ്ധത അറിയിച്ചുവെന്ന് ഇസ്രയേൽ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ തുക കൈമാറിയെന്ന വാർത്തകൾ സൗദി വൃത്തങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടെഹ്റാനിൽ വെച്ച് നടന്ന മധ്യസ്ഥ ചർച്ചയിൽ സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്തിരുന്നു. ഹൂതികളുമായി വെടിനിർത്തൽ കരാറിലെത്തി സൗദിയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച നടന്നത്. സൈനിക വിമാനത്തിൽ ഇറാനിലെത്തിയ സൗദി മന്ത്രി ഹൂതികൾക്ക് കൈമാറാനുള്ള പണവും കൊണ്ടുവന്നിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മൂന്ന് വർഷം മുമ്പ് സൗദി അറേബ്യയും ഹൂതികളും തമ്മിൽ ധാരണകളുണ്ടായിരുന്നെന്നും അവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഒരു സൗദി ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും തകർന്ന സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നതായിരുന്നു നേരത്തെ ഇരുവിഭാ​ഗവും തമ്മിലുണ്ടായിരുന്ന ധാരണയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പകരമായി വെടിനിർത്തൽ കരാറിലെത്തി സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ നേരത്തെ ഉണ്ടായിരുന്ന ഈ ധാരണയിൽ നിന്ന് പിന്നോട്ട് പോയതാണ് സൗദിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമെന്നാണ് ഹൂതികളുടെ ന്യായീകരണം. അതിനിടെ, സൈനിക സമ്മർദങ്ങൾക്ക് വഴങ്ങി പുതിയ വെടിനിർത്തൽ കരാറുണ്ടാക്കുന്നതിൽ സൗദിക്ക് താൽപ്പര്യമില്ലെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഹൂതികൾ തിരിച്ച് നൽകാതെ അവർക്ക് പണം കൈമാറുന്നത് സൗദി എതിർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സൗദി പ്രതിരോധമന്ത്രിക്കു പുറമേ തുർക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കലിനും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും ചർച്ചകളിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ പ്രതിനിധികൾ എന്നിവരും ചർച്ചകളുടെ ഭാഗമായിരുന്നുവെന്നാണ് റിപ്പോർട്ട്.

വെടിനിർത്താൻ 100 കോടി ഡോളർ?; ഹൂതികൾക്ക് സൗദി അറേബ്യ വൻതുക വാഗ്ദാനം 
ചെയ്തെന്ന് റിപ്പോർട്ട്
നെതന്യാഹു പോയാൽ യുദ്ധം തീരുമോ? ഇസ്രായേൽ നാളെ പോളിങ് ബൂത്തിലേക്ക്, എന്താകും ഗസയുടെ ഭാവി?

പ്രതിരോധമന്ത്രിയുടെ ഇറാൻ സന്ദർശനത്തെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. മേഖലയിലെ സംഘർഷം കുറയ്ക്കാൻ നയതന്ത്ര ചർച്ചകളിലൂടെ ധാരണയിലെത്തണമെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്. അതിനായി ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് ഇറാൻ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എന്നാൽ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാനുള്ള നിർദേശത്തെക്കുറിച്ചോ പണം ടെഹ്‌റാനിലെത്തിച്ചെന്ന റിപ്പോർട്ടുകളോ പ്രസ്താവനയിൽ സ്ഥിരീകരിച്ചിട്ടില്ല. മക്ക സംയുക്ത പ്രതിരോധ സഖ്യത്തിലെ പ്രതിനിധികളും ഇറാൻ നേതൃത്വവും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ടെഹ്‌റാനിൽ നടന്നത്.

Summary

Saudi Arabia has reportedly offered 1 billion to Yemen’s Houthi group through Iran-mediated talks to secure a ceasefire and stop attacks on the kingdom. However, the proposed payment has not been independently confirmed

Madism Digital
madismdigital.com