

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലച്ചിലിലൂടെ കടന്നുപോകുന്നതിനിടെ, ബംഗ്ലാദേശ് ഇടക്കാല സര്ക്കാരിന്റെ വിദേശനയത്തെ ചോദ്യംചെയ്ത് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂഡല്ഹിയില് നടന്ന ബ്രിക്സ് ഉച്ചകോടിയില് നിന്ന് വിട്ടുനില്ക്കാനുള്ള ഇടക്കാല സര്ക്കാരിന്റെ തീരുമാനത്തെ 'അപക്വം' എന്നും ദേശീയ താല്പര്യങ്ങള്ക്ക് എതിരാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയില് നിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് വിട്ടുനിന്നതിനെയും തൊട്ടുപിന്നാലെ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില് നിന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീന് അഹമ്മദ് വിട്ടുനിന്നതിനെയും മുന്നിര്ത്തിയാണ് ഹസീനയുടെ ഈ രൂക്ഷവിമര്ശനം.
താന് ഇന്ത്യയിലുള്ള സമയത്ത് തന്നെ, താരിഖ് റഹ്മാന്റെ പിതാവും ബംഗ്ലാദേശ് മുന് പ്രസിഡന്റുമായ സിയാവുര് റഹ്മാന് ഡല്ഹി സന്ദര്ശിച്ചിട്ടുണ്ടെന്നിരിക്കെ, തന്റെ സാന്നിധ്യം താരിഖ് റഹ്മാന് എങ്ങനെയാണ് തടസ്സമാകുന്നതെന്ന് അവര് ചോദിച്ചു. ന്യൂഡല്ഹിയില് അഭയാര്ത്ഥിയായി കഴിയുന്ന ഷെയ്ഖ് ഹസീന, വാര്ത്താ ഏജന്സിയായ പിടിഐയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില് അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ ചരിത്രമാണ് ചൂണ്ടിക്കാണിച്ചത്. 1975-ല് പിതാവ് ശൈഖ് മുജീബുര് റഹ്മാന്റെ വധത്തെ തുടര്ന്ന് താന് ഇന്ത്യയില് അഭയം തേടിയ കാലഘട്ടത്തില് സിയാവുര് റഹ്മാന് ന്യൂഡല്ഹിയും ലണ്ടനും സന്ദര്ശിച്ച കാര്യം ഹസീന ഓര്മ്മിപ്പിച്ചു.
'1979-ല് സിയാവുര് റഹ്മാന് ഡല്ഹി സന്ദര്ശിച്ചപ്പോഴും, 1980-ല് ലണ്ടനിലേക്ക് യാത്ര ചെയ്തപ്പോഴും ഞാന് ആ നഗരങ്ങളില് ഉണ്ടായിരുന്നു. എന്റെ സാന്നിധ്യം അന്ന് അദ്ദേഹത്തിന്റെ യാത്രകള്ക്ക് തടസ്സമായില്ല. അങ്ങനെയെങ്കില്, ഇന്ന് ഞാന് ഡല്ഹിയിലുണ്ട് എന്നത് സിയാവുര് റഹ്മാന്റെ മകന് ഇന്ത്യയിലേക്ക് വരുന്നതിന് എങ്ങനെയാണ് തടസ്സമാകുന്നത്?', ഹസീന ചോദിച്ചു. രാഷ്ട്രീയപരമായ ഭിന്നതകള് നിലനില്ക്കുമ്പോഴും താന് രാജ്യതാല്പര്യങ്ങള്ക്കായിരുന്നു മുന്ഗണന നല്കിയിരുന്നതെന്നും നിലവിലെ സര്ക്കാറിന്റെ തീരുമാനങ്ങള് ബംഗ്ലാദേശിന് ലഭിക്കേണ്ടിയിരുന്ന വന്കിട സാമ്പത്തിക-സുരക്ഷാ സഹകരണ അവസരങ്ങള് ഇല്ലാതാക്കുകയാണെന്നും ഹസീന കൂട്ടിച്ചേര്ത്തു.
എന്തുകൊണ്ട് താരിഖ് റഹ്മാന് ബ്രിക്സും ബിംസ്റ്റെക്കും ഒഴിവാക്കി?
സെപ്റ്റംബര് 12-13 തീയതികളില് നടന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, താരിഖ് റഹ്മാനെ ക്ഷണിച്ചിരുന്നു. ബിംസ്റ്റെക്കിന്റെ നിലവിലെ അധ്യക്ഷന് എന്ന നിലയിലായിരുന്നു ക്ഷണം. എന്നാല് സര്ക്കാറിനുള്ള നേരിട്ടുള്ള ക്ഷണമല്ല ഇതെന്നും അതിനാല് പങ്കടുക്കാനാകില്ലെന്നുമായിരുന്നു ബംഗ്ലാദേശിന്റെ നിലപാട്. റഹ്മാന്റെ ആദ്യ ഇന്ത്യ സന്ദര്ശനം പ്രത്യേക ഉഭയകക്ഷി സന്ദര്ശനമായിരിക്കണമെന്നും അതിനുള്ള അനുയോജ്യമായ അന്തരീക്ഷം കൈവന്നിട്ടില്ലെന്നുമായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ബ്രിക്സ് ഉച്ചകോടി ഒഴിവാക്കിയതിന് പിന്നാലെ ഒക്ടോബര് 13-ന് നടന്ന ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ ചരിത്രപരമായ ആദ്യ യോഗത്തില് നിന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വിട്ടുനിന്നു. പകരം ഉദ്യോഗസ്ഥ തലത്തിലുള്ള സംഘത്തെ മാത്രമാണ് അയച്ചത്. എന്നാല് ഇക്കാലയളവില് താരിഖ് റഹ്മാന് മലേഷ്യയും ചൈനയും സന്ദര്ശിച്ചിരുന്നു. ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില് ചൈന വന് നിക്ഷേപം നടത്താന് താല്പ്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തില് താരിഖ് റഹ്മാന്റെ ഈ നീക്കം വലിയ രാഷ്ട്രീയ ചര്ച്ചകള്ക്ക് വഴിവെച്ചിട്ടുണ്ട്.
തര്ക്കവിഷയമായി ഹസീന
2024 ഓഗസ്റ്റില് വന് ജനകീയ പ്രക്ഷോഭങ്ങളെ തുടര്ന്ന് ഹസീന സര്ക്കാര് വീഴുകയും അവര് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില് വിള്ളല് വീണത്. മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള് ആരോപിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് തുടര്ച്ചയായി ആവശ്യപ്പെടുന്നുണ്ട്. എന്നാല് ഈ കേസുകള് രാഷ്ട്രീയപ്രേരിതമാണെന്നാണ് ഹസീനയുടെ നിലപാട്. ഹസീന ഡല്ഹിയിലിരുന്ന് നടത്തിയ വാര്ത്താസമ്മേളനങ്ങള് ഉഭയകക്ഷി ബന്ധത്തിന്റെ അന്തരീക്ഷം വഷളാക്കിയെന്ന് ബംഗ്ലാദേശ് ആരോപിക്കുമ്പോള്, ഹസീനയുടെ പ്രസ്താവനകളില് കേന്ദ്ര സര്ക്കാറിന് പങ്കില്ലെന്നാണ് ന്യൂഡല്ഹിയുടെ വിശദീകരണം. അതേസമയം, 2026 ഡിസംബറോടെ താന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ശൈഖ് ഹസീന, തനിക്കെതിരെയുള്ള നിയമനടപടികളോ രാഷ്ട്രീയ പ്രതിസന്ധികളോ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കാന് അനുവദിക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്നു.
Former Bangladesh Prime Minister Sheikh Hasina has criticised the interim government’s foreign policy under Tarique Rahman, questioning its decision to stay away from the BRICS summit in New Delhi and the first-ever BIMSTEC interior ministers’ meeting. In an interview with PTI, Hasina argued that the decision was immature and against Bangladesh’s national interests, warning that it could cost the country important economic and security cooperation opportunities with India. Hasina pointed out that Tarique Rahman’s father, former Bangladeshi president Ziaur Rahman, visited New Delhi in 1979 and London in 1980 while she was living in exile in those cities. She questioned why her presence in India should prevent Tarique Rahman from visiting the country today.