

കാബൂൾ: ഭാര്യയെ മർദ്ദിക്കുന്നതിന് നിയമത്തിന്റെ സംരക്ഷണവുമായി താലിബാൻ ഭരണകൂടം. ഭാര്യമാരുടേയും കുട്ടികളുടേയും "എല്ലുകൾ ഒടിയുകയോ മുറിവുകൾ ഉണ്ടാവുകയോ" ചെയ്യാത്തിടത്തോളം കാലം അവരെ ശാരീരികമായി ശിക്ഷിക്കാൻ പുരുഷൻമാർക്ക് അനുമതി നൽകിക്കൊണ്ടാണ് താലിബാൻ വിചിത്രമായ പുതിയ ശിക്ഷാനിയമം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മർദ്ദനത്തിൽ ഭാര്യയുടെ എല്ലുകൾ ഒടിഞ്ഞാൽ മാത്രം ഭർത്താവിന് 15 ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. പുതിയ ശിക്ഷാനിയമത്തിൽ താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ചു.
ശരീരം പൂർണമായി മൂടിയ അവസ്ഥയിൽ തന്നെ പരിക്ക് കോടതിയെ ബോധ്യപ്പെടുത്താൻ ഭാര്യയ്ക്ക് സാധിച്ചാൽ മാത്രമാണ് പുതിയനിയമം പ്രകാരം ഭർത്താവിന് ശിക്ഷ ലഭിക്കുക. ഭർത്താവിന്റെയോ, കുടുംബത്തിലെ മറ്റ് പുരുഷന്മാരുടേയോ കൂടെ മാത്രമാണ് ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് കോടതിയിലെത്താനാവുക. മാത്രമല്ല, ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദർശിക്കാൻ പോയാൽ ഭാര്യയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
ഇതിനു പുറമേ, 2009ൽ അമേരിക്കൻ പിന്തുണയിൽ ഭരണഘടനയിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ വരുത്തിയ മാറ്റങ്ങളും താലിബാൻ റദ്ദാക്കിയിട്ടുണ്ട്. പുതിയ നിയമനിർമ്മാണം അനുസരിച്ച് ഒരു പുരുഷൻ സ്ത്രീയെ മർദ്ദിക്കുമ്പോൾ അവൾക്ക് ഗുരുതരമായ പരിക്കുകളോ എല്ലുകൾക്ക് ഒടിവോ സംഭവിക്കുന്നില്ലെങ്കിൽ അതിനെ കുറ്റകരമായി കണക്കാക്കില്ല. അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ 'റവാദാരി', പുതിയ നിയമം നടപ്പിലാക്കുന്നത് നിർത്തലാക്കാൻ ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക പദവി അടിസ്ഥാനമാക്കി, നാല് തരത്തിലാണ് നിയമം നടപ്പിലാക്കുക. 9-ാം അനുച്ഛേദം അനുസരിച്ച് സമൂഹത്തെ മതപണ്ഡിതന്മാർ, വരേണ്യവർഗം, മധ്യവർഗം, താഴ്ന്ന വർഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇത് പ്രകാരം, കുറ്റകൃത്യത്തിനുള്ള ശിക്ഷ നിർണയിക്കുന്നത് കുറ്റത്തിന്റെ ഗൗരവം നോക്കിയല്ല, മറിച്ച് പ്രതിയുടെ സാമൂഹികപദവി നോക്കിയാണ്. മതപണ്ഡിതനാണ് കുറ്റം ചെയ്യുന്നതെങ്കിൽ ഉപദേശം മാത്രം നൽകി അയാളെ വിട്ടയക്കും. അതുപോലെ, വരേണ്യ വിഭാഗത്തിൽപ്പെട്ട ആളാണെങ്കിൽ കോടതിയിലേക്ക് സമൻസ് അയച്ച് ഉപദേശം നൽകും. എന്നാൽ, മധ്യവർഗക്കാർക്ക് ഇതേ കുറ്റത്തിന് തടവുശിക്ഷയും, താഴ്ന്ന വർഗക്കാർക്ക് തടവും ഒപ്പം കഠിനമായ ശാരീരിക ശിക്ഷയുമാണ് ലഭിക്കുക.
ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്കുള്ള ശാരീരിക ശിക്ഷകൾ നടപ്പിലാക്കുന്നത് ജയിൽ അധികൃതർക്ക് പകരം ഇസ്ലാമിക മതപുരോഹിതന്മാരായിരിക്കും എന്ന പ്രത്യേകതയും ഈ നിയമത്തിനുണ്ട്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് താലിബാന്റെ പുതിയ നിയമം കാരണമായിരിക്കുകയാണ്.
English Summary: The Taliban has enacted a new penal code that effectively legalises domestic violence, allowing men to physically punish wives and children as long as no broken bones or major injuries occur.