

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നടുങ്ങിയിരിക്കുകയാണ് ഫിലിപ്പീൻസ്. മിൻഡനാവോ തീരത്ത് ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിൽ ഇന്തോനേഷ്യയിലടക്കം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ഭൂചലനത്തിൽ 5 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, പലാവു, തായ്വാന്‍, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളില്‍ വ്യാപകമായി അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകുമെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
ഭൂചലനങ്ങൾ തുടർക്കഥ
ഫിലിപ്പീൻസിൽ ഈ വർഷം മാത്രം പല തവണ ചെറുതും വലുതുമായി ആയിരക്കണക്കിന് ഭൂചലനങ്ങളുണ്ടായിട്ടുണ്ട്. അവയിൽ പലതും ജനങ്ങൾക്ക് അനുഭവപ്പെടാറില്ലെന്ന് മാത്രം.
ജനുവരി 19–28 കാലയളവിൽ മാത്രം സുൽത്താൻ കുദറത്ത് തീരത്തിന് സമീപം നടന്ന 1,646 ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. അതിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ തന്നെ അതേ മേഖലയ്ക്ക് സമീപം 400 ഓളം ഭൂചലനങ്ങളുമുണ്ടായി.
പസഫിക് റിംഗ് ഓഫ് ഫയർ എന്ന ഭൂകമ്പ-അഗ്നിപർവത മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ് ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ പതിവാകുന്നത്. നിരവധി ടെക്ടോണിക് പ്ലേറ്റുകളുടെ ഒരു സംഗമ സ്ഥലമാണ് ഫിലിപ്പീൻസ് എന്ന് പറയാം. ഇവ പരസ്പരം ഉരസുകയും ഒന്ന് മറ്റൊന്നിന് മീതേ കയറുകയും ഒക്കെ ചെയ്യുമ്പോൾ ഭൂമിക്കടിയിൽ വലിയ സമ്മർദം രൂപപ്പെടും. ഇങ്ങനെയാണ് ഭൂചലനങ്ങൾ ഉണ്ടാകുന്നത്.
കിഴക്ക് ഭാഗത്തുള്ള ഫിലിപ്പീൻ ട്രെഞ്ച് ഉൾപ്പെടെ നിരവധി സമുദ്രഗർത്തങ്ങളും ഫിലിപ്പീൻസിന് ചുറ്റും ഉണ്ട്. ഇവിടങ്ങളിലും ഒരു ടെക്റ്റോണിക് പ്ലേറ്റ് മറ്റൊന്നിന്റെ അടിയിലേക്ക് തള്ളിക്കയറുന്നു. ഈ പ്രക്രിയയാണ് ശക്തമായ ഭൂചലനങ്ങൾക്കും ചിലപ്പോൾ സുനാമികൾക്കും കാരണമാകുന്നത്.
ഫിലിപ്പീൻ ഫോൾട്ട് സിസ്റ്റം എന്നറിയപ്പെടുന്ന ഏകദേശം 1,200 കിലോമീറ്ററിലധികം നീളമുള്ള വലിയ ഭൂഗർഭ വിള്ളൽ രാജ്യത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ ഫോൾട്ടിന്റെ വിവിധ ഭാഗങ്ങളിൽ പാറകൾ തമ്മിൽ ഉരസുകയും പെട്ടെന്ന് നീങ്ങുകയും ചെയ്യുമ്പോഴും ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകാം. കൂടാതെ സജീവമായ അഗ്നിപർവതങ്ങളുടെ സാന്നിധ്യവും ഭൂചലനങ്ങൾക്ക് കാരണമാവാറുണ്ട്.
English Summary: The Philippines has been shaken by a powerful earthquake measuring 7.8 on the Richter scale. The quake struck off the coast of Mindanao this morning, prompting tsunami warnings for several countries, including Indonesia.
The Pacific Tsunami Warning Center has warned that dangerous tsunami waves could impact coastal areas of Indonesia, the Philippines, Palau, Taiwan, and Papua New Guinea within the next three hours. The national weather agency has said waves of up to three metres in height are possible.