ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലം മാറ്റി; ദുരവസ്ഥ തുറന്നുപറഞ്ഞ് അസോസിയേഷന് കത്തയച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ

കീഴുദ്യോഗസ്ഥർക്ക് പോലും തന്നെ എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്ന സാഹചര്യമാണെന്നും, ഇതുമൂലം ഔദ്യോഗികമായി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും 2011 ബാച്ച് ഉദ്യോഗസ്ഥയായ നേഹ ആരോപിച്ചു
ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലം മാറ്റി; ദുരവസ്ഥ തുറന്നുപറഞ്ഞ് അസോസിയേഷന് കത്തയച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ
Published on

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനെതിരെ മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥ നേഹ മാർവ്യ രംഗത്ത്. തുടർച്ചയായ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് ഐഎഎസ് അസോസിയേഷന് അയച്ച കത്തിലാണ് തന്റെ ദുരവസ്ഥ അവർ വിശദീകരിച്ചത്. കീഴുദ്യോഗസ്ഥർക്ക് പോലും തന്നെ എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്ന സാഹചര്യമാണെന്നും, ഇതുമൂലം ഔദ്യോഗികമായി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും 2011 ബാച്ച് ഉദ്യോഗസ്ഥയായ നേഹ ആരോപിച്ചു.

രണ്ട് മുതൽ മൂന്ന് മാസം വരെ മാത്രം ഒരു പദവിയിൽ തുടരാൻ അവസരം ലഭിച്ചാൽ എങ്ങനെയാണ് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുകയെന്ന ചോദ്യവും നേഹ ഉന്നയിക്കുന്നു. ഒരു ചുമതല ഏറ്റെടുത്ത് അവിടുത്തെ പ്രവർത്തനങ്ങൾ മനസിലാക്കി കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഓരോ തവണയും തന്നെ സ്ഥലംമാറ്റുന്നതെന്നും അവർ കത്തിൽ പറയുന്നു.

ട്രൈബൽ ഏരിയ ഡെവലപ്‌മെന്റ് പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റിട്ട് രണ്ട് മാസം പോലും പൂർത്തിയാകുന്നതിന് മുമ്പാണ് നേഹയ്ക്ക് വീണ്ടും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. ജോലിയിൽ വീഴ്ച വരുത്തിയ ജീവനക്കാരോട് വിശദീകരണം തേടി നോട്ടീസ് നൽകിയതിന് പിന്നാലെ ഇവർക്കെതിരെ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് ഷെഡ്യൂൾഡ് ട്രൈബ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടറായി നേഹയെ നിയമിച്ചത്. അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്.

എന്നാൽ ഈ പദവിയിൽ എത്തിയതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ തന്നെ വീണ്ടും സ്ഥലംമാറ്റുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും വരെ കീഴുദ്യോഗസ്ഥർക്ക് സ്വാധീനിക്കാൻ കഴിയുന്നത്ര ദുർബലമാണോ തന്റെ പദവിയെന്ന ചോദ്യവും നേഹ കത്തിൽ ഉന്നയിച്ചു. ഒരു മാസത്തിനുള്ളിൽ തന്നെ സ്ഥലംമാറ്റാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും, ഈ നടപടി തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ വ്യക്തമാക്കി.

തുടർച്ചയായ ഹ്രസ്വകാല നിയമനങ്ങൾ തന്റെ ആത്മവിശ്വാസത്തെയും മനോവീര്യത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും നേഹ പറയുന്നു. വർഷങ്ങളായി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കീഴുദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അവർ ആരോപിച്ചു.

തന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ നേരിട്ട അനുഭവങ്ങളും നേഹ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥർ തന്റെ മേശയിൽ അടിക്കുകയും സ്ഥലംമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിച്ചു. ഓഫീസിലെ അച്ചടക്കലംഘനങ്ങളും ഫയലുകൾ മനഃപൂർവം വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും താൻ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അതിൽ നടപടി സ്വീകരിക്കുന്നതിന് പകരം തന്നെ സ്ഥലംമാറ്റുകയാണ് ചെയ്തതെന്നും നേഹ ആരോപിച്ചു.

“എപ്പോഴും ഗൂഢാലോചന നടത്തുന്നവരാണ് വിജയിക്കുന്നത്, ഞാൻ പരാജയപ്പെടുകയാണ്. ഈ സംവിധാനം എന്നെ പരാജയപ്പെടുത്തി. ഇന്ന് ഞാൻ ലക്ഷ്യമാകുമ്പോൾ നാളെ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഇവരുടെ ലക്ഷ്യം,” എന്ന നിലപാടും അവർ കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ ഉത്തരവുകളെ ഇതുവരെ ബഹുമാനത്തോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും, എന്നാൽ ഇത്തവണത്തെ നടപടി കടുത്ത നിരാശയുണ്ടാക്കിയെന്നും നേഹ പറഞ്ഞു. അതേസമയം, നേഹ മാർവ്യയുടെ കത്തിനോട് ഐഎഎസ് അസോസിയേഷൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേഹ മാർവ്യയുടെ സർവീസ് കാലയളവിൽ നേരത്തെയും ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഡിൻഡോരി ജില്ലാ കലക്ടറായി ചുമതലയേറ്റതിന് എട്ട് മാസം പിന്നിട്ടപ്പോൾ, 2025 ജനുവരിയിൽ അവരെ ആ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

2017ൽ ശിവപുരി ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ അന്നത്തെ ജില്ലാ കലക്ടർ ഒ.പി. ശ്രീവാസ്തവയുമായി ഉണ്ടായ തർക്കവും വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് 2022ൽ റവന്യൂ വകുപ്പിൽ ചുമതലയേൽക്കുന്നതിൽ നിന്ന് പ്രിൻസിപ്പൽ സെക്രട്ടറി മനീഷ് രാസ്തോഗി തന്നെ തടഞ്ഞുവെന്നും നേഹ ആരോപിച്ചിരുന്നു.

തുടർച്ചയായ സ്ഥലംമാറ്റങ്ങൾക്കിടെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടാണ് ഇപ്പോൾ നേഹ മാർവ്യ ഐഎഎസ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്.

Summary

Neha Marvya, an IAS officer from Madhya Pradesh, has written to the IAS Association expressing her distress over receiving her fourth transfer order within a year. She points out that being transferred every two to three months is undermining her efficiency and effectiveness as a public servant. Neha alleges that threats and interference from subordinates have made her an easy target, leaving her confidence severely shaken.

Madism Digital
madismdigital.com