ഭീതിയുടെ നിഴലിൽ വാഷിംഗ്ടൺ; ഹിൽട്ടണിലെ വെടിയൊച്ചയും ട്രംപിന്റെ 'ബാള്‍റൂം' രാഷ്ട്രീയവും: വിരുന്നിനിടെ നടന്നത് എന്ത്?

സുരക്ഷാ കവചം പിളർന്ന് കൊലയാളി എത്തിയപ്പോൾ വിറങ്ങലിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ; 'മിലിട്ടറി സുരക്ഷയുള്ള' സ്വന്തം ബാള്‍റൂമിനായി വാദിച്ച് ട്രംപ്.
ഭീതിയുടെ നിഴലിൽ വാഷിംഗ്ടൺ; ഹിൽട്ടണിലെ വെടിയൊച്ചയും ട്രംപിന്റെ 'ബാള്‍റൂം' രാഷ്ട്രീയവും: വിരുന്നിനിടെ നടന്നത് എന്ത്?
Published on

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തോക്കേന്തിയ അക്രമി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഞെട്ടലിലാണ് ലോകം. കാലിഫോര്‍ണിയന്‍ സ്വദേശിയും 31 കാരനുമായ കോള്‍ തോമസ് അലനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിരുന്നു. അധ്യാപകനും ഗെയിം ഡെവലപ്പറുമായ അലൻ, ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് എത്തിയതെന്ന് ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി.

സംഭവം നടക്കുന്നതിങ്ങനെ

വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് സംഭവം നടക്കുന്നത്. വാഷിങ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലിലെ വിശാലമായ ബാള്‍റൂമില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടരയോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫസ്റ്റ് ലേഡി മെലാനിയ ട്രംപും വേദിയിലിരിക്കുകയായിരുന്നു.

അന്നത്തെ പരിപാടിയിലെ വിനോദതാരമായ മെന്റലിസ്റ്റ് ഓസ് പേള്‍മാനുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അവര്‍. അപ്പോഴാണ് സുരക്ഷാ പരിശോധനാ കേന്ദ്രം മറികടന്ന് ഒരു വ്യക്തി പുറത്തുനിന്ന് ഓടിവരുന്നത്.

ഭീതിയുടെ നിഴലിൽ വാഷിംഗ്ടൺ; ഹിൽട്ടണിലെ വെടിയൊച്ചയും ട്രംപിന്റെ 'ബാള്‍റൂം' രാഷ്ട്രീയവും: വിരുന്നിനിടെ നടന്നത് എന്ത്?
അക്രമിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്; ലക്ഷ്യം ട്രംപും വൈസ് പ്രസിഡന്റ് വാൻസുമെന്ന് പ്രാഥമിക നി​ഗമനം

തോക്കേന്തിയ വ്യക്തി ബാള്‍റൂമിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. ബാള്‍റൂമിന് അകത്തിരുന്ന അതിഥികള്‍ക്ക് ആദ്യം കാര്യം വ്യക്തമായില്ല. പുറത്തുനിന്ന് കേട്ട ശബ്ദങ്ങള്‍ പാത്രങ്ങള്‍ വീണതാണെന്നാണ് ആദ്യം വിചാരിച്ചതെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

എന്നാല്‍, ബാള്‍റൂമിനുള്ളിലേക്ക് ആയുധങ്ങളുമായി കടന്നുവന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ 'താഴേക്ക് കിടക്കൂ' എന്ന് പറഞ്ഞത് അതിഥികളെ പരിഭ്രാന്തരാക്കി. എല്ലാവരും മേശകള്‍ക്കടിയില്‍ പോയി ഒളിച്ചു. പ്രധാന മേശ ഉടന്‍ ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, മെലാനിയ ട്രംപ് എന്നിവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.

പരിപാടിയില്‍ നിന്ന് പുറത്തേക്ക് പോയ പലരും അപകടസാധ്യതയിലായി. 'വെടിവെപ്പിന്റെ ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു' എന്നാണ് സിഎന്‍എന്‍ അവതാരകന്‍ വൂള്‍ഫ് ബ്ലിറ്റ്‌സര്‍ പറഞ്ഞത്. പ്രതിയുടെ കൈവശം ഷോട്ട് ഗണ്‍, കൈത്തോക്ക്, കത്തികള്‍ എന്നിവ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വെടിവെപ്പില്‍ ഒരു സര്‍വീസ് സീക്രട്ട് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് രക്ഷകനായി.

പ്രധാന വ്യക്തികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ബാള്‍റൂമിലിരിക്കുന്ന ബാക്കി ആളുകള്‍ 'വെടിയുതിര്‍ത്തു' എന്ന റേഡിയോ സന്ദേശങ്ങള്‍ കേട്ടതായി പറഞ്ഞു. ഒടുവില്‍ സ്ഥിതി നിയന്ത്രണത്തിലായപ്പോളാണ് ആളുകള്‍ എഴുന്നേറ്റത്. ഫോണില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും പലരും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു.

ഭീതിയുടെ നിഴലിൽ വാഷിംഗ്ടൺ; ഹിൽട്ടണിലെ വെടിയൊച്ചയും ട്രംപിന്റെ 'ബാള്‍റൂം' രാഷ്ട്രീയവും: വിരുന്നിനിടെ നടന്നത് എന്ത്?
Donald Trump Assassination Attempt: അക്രമിയുടെ പേര് കോള്‍ തോമസ് അലന്‍, പിന്നില്‍ ഇറാനല്ലെന്ന് പ്രാഥമിക നിഗമനം

ബാള്‍റൂം രാഷ്ട്രീയവുമായി ട്രംപ്

സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ തന്നെ ട്രംപ് തന്റെ രാഷ്ട്രീയ നീക്കം നടത്തിക്കഴിഞ്ഞു. വൈറ്റ് ഹൗസ് വളപ്പിൽ താൻ നിർമ്മിക്കുന്ന അത്യാധുനിക ബാള്‍റൂമിന്റെ പ്രസക്തി വർധിപ്പിക്കാനാണ് അദ്ദേഹം ഈ അവസരം ഉപയോഗിച്ചത്. "ഇതൊരു മിലിട്ടറി ലെവൽ സുരക്ഷയുള്ള ബാള്‍റൂം ആയിരുന്നുവെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു," എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പുറത്തുള്ള ഹോട്ടലുകളിൽ ഇത്തരം വിരുന്നുകൾ സംഘടിപ്പിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും, വൈറ്റ് ഹൗസിനുള്ളിലെ അതീവ സുരക്ഷിതമായ പുതിയ ഹാൾ എത്രയും വേഗം പണി തീർക്കണമെന്നുമാണ് ട്രംപിന്റെ വാദം.

വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. 1981 ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെതിരെ വധശ്രമം നടന്നതും ഇതേസ്ഥലത്ത് വെച്ചാണ്.

മെലാനിയ ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് മൂന്നാമത്തെ തവണയാണ് തന്റെ ഭർത്താവിനെതിരെയുള്ള ആക്രമണത്തിന് സാക്ഷിയാകേണ്ടി വരുന്നത്. അമേരിക്കൻ ജനാധിപത്യത്തിന്റെ ആഘോഷം നടക്കേണ്ടിയിരുന്ന വേദി ഒരു നിമിഷം കൊണ്ട് യുദ്ധക്കളമായി മാറിയ ആ രാത്രി, സുരക്ഷാ സംവിധാനങ്ങളുടെ പഴുതുകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്

English Summary: An assassination attempt on former US President Donald Trump at a Washington Hilton event was thwarted by Secret Service. The armed suspect, identified as Cole Thomas Allen, was subdued before entering the ballroom, preventing a major tragedy.

Related Stories

No stories found.
Madism Digital
madismdigital.com