

ഇന്ത്യ-പാക് യുദ്ധം ഓപ്പറേഷൻ സിന്ദൂറിൽ താൻ ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൊല്ലപെടുമായിരുന്നുവെന്ന് പരാമർശിച്ച് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് തന്റെ ഇടപെടലൊന്ന് കൊണ്ട് മാത്രമാണെന്ന അവകാശവാദം ആവർത്തിച്ചിരിക്കുന്നത്. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം തടയുന്നതിൽ താൻ വഹിച്ചത് നിർണായക പങ്കായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
സംഘർഷം അവസാനിപ്പിച്ചതിൽ പാകിസ്താൻ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനെ പരസ്യമായി തന്നെ പ്രശംസിച്ചുവെന്നും, 35 ദശലക്ഷം പാകിസ്ഥാൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കപ്പെട്ടതിനു കാരണം ട്രംപിൻ്റെ ഇടപെടലാണെന്ന് പറഞ്ഞതായും ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വീണ്ടും അധികാരത്തിലേറിയതിനു വെറും പത്ത് മാസത്തിനകം എട്ടോളം യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും, ആണവയുദ്ധത്തിൻ്റെ വക്കിൽ എത്തിയ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഇന്ത്യയ്ക്ക് മേൽ യു.എസ് സമ്മർദ്ദം ചെലുത്തിയതിനാലാണെന്നും ആവർത്തിക്കുകയാണ് ട്രംപ്.
എന്നാൽ യുദ്ധം അവസാനിചതുമായി സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങൾ ഇന്ത്യ നേരത്തേ തന്നെ തള്ളിക്കളഞ്ഞതാണ്. പാകിസ്താൻ സൈനിക ജനറലിന്റെ അഭ്യർഥന മൂലമാണ് യുദ്ധം അവസാനിപ്പിച്ചതെന്നായിരുന്നു ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. യുദ്ധത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കുമേലുള്ള താരിഫ് വർധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. വലിയ യുദ്ധങ്ങൾ തടഞ്ഞിട്ടും തനിക്ക് നോബേൽ ലഭിക്കാത്തതിനെ കുറിച്ചും ഇന്ത്യ പാക് യുദ്ധം അവസാനിപ്പിക്കുന്നതിൽ താൻ വഹിച്ച പങ്കിനെ കുറിച്ചും ട്രംപ് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
English Summary: Donald Trump claimed that his intervention prevented the assassination of Pakistan Prime Minister Shehbaz Sharif during the India-Pakistan conflict under “Operation Sindoor.” Addressing the US Congress, Trump reiterated that US pressure helped end the conflict, though India has previously rejected his claims.