

ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറുപത് ദിവസത്തിനപ്പുറം യുദ്ധം നീണ്ടുനിന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. ഇനി യുദ്ധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരണമെങ്കിൽ ട്രംപിന് അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ചാൽ ഈ അനുമതി ഇല്ലാതെ തന്നെ ഹോർമൂസ് കടലിടുക്കിലെയും ഇറാനിലും നടത്തുന്ന നീക്കങ്ങൾ തുടരാൻ ട്രംപിന് സാധിക്കും അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ യുഎസ് കോൺഗ്രസോ, പ്രതിപക്ഷ അംഗങ്ങളോ മുഖവിലയ്ക്കെടുത്തിട്ടില്ല.
എന്തിനാണ് 60 ദിവസത്തിന് ശേഷം യുദ്ധം തുടരാൻ യു എസിന് കോൺഗ്രസിന്റെ അനുമതി?
അമേരിക്കൻ ഭരണഘടനയനുസരിച്ച് ഒരു പ്രസിഡന്റിന് സ്വന്തം ഇഷ്ടപ്രകാരം എത്രകാലം വേണമെങ്കിലും യുദ്ധം നടത്താൻ അധികാരമില്ല. 1973-ൽ നിലവിൽ വന്ന 'വാർ പവേഴ്‌സ് റെസല്യൂഷൻ' എന്ന നിയമമാണിവിടെ പ്രധാന പങ്കുവഹിക്കുന്നത്. ഈ നിയമപ്രകാരം പ്രസിഡന്റ് ഒരു സൈനിക നീക്കം നടത്തിയാൽ 48 മണിക്കൂറിനുള്ളിൽ അത് പാർലമെന്റിനെ അഥവാ കോൺഗ്രസിനെ അറിയിച്ചിരിക്കണം. പാർലമെന്റിന്റെ പ്രത്യേക അനുമതിയില്ലെങ്കിൽ പരമാവധി 60 ദിവസം മാത്രമേ സൈന്യത്തെ യുദ്ധമുഖത്ത് നിർത്താൻ പ്രസിഡന്റിന് അധികാരമുള്ളൂ.
യുദ്ധാധികാര നിയന്ത്രണ നിയമ പ്രകാരം, പ്രസിഡന്റിന് യുദ്ധം തുടങ്ങാൻ കഴിയും, പക്ഷേ അത് ദീർഘകാലം തുടരാൻ കോൺഗ്രസിന്റെ അനുമതി തേടണമെന്നാണ് ഈ നിയമത്തിന്റെ പ്രധാന ആശയം. വിയറ്റ്നാം യുദ്ധകാലത്ത് പ്രസിഡന്റുമാർ കോൺഗ്രസിന്റെ പൂർണ്ണ അനുമതി ഇല്ലാതെ യുദ്ധങ്ങൾ നീട്ടിക്കൊണ്ടുപോയതിനെ തുടർന്ന് വലിയ വിവാദങ്ങൾക്ക് വഴിതെളിയുകയുണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് 1973 ൽ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്.
ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചത് ഫെബ്രുവരി അവസാന വാരത്തിലായിരുന്നു. തുടർന്ന് മാർച്ചിൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പാർലമെന്റിന് നൽകി. അമേരിക്കൻ സൈനിക താവളങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് ട്രംപ് ഭരണകൂടം നൽകുന്ന വിശദീകരണം. എന്നാൽ പാർലമെന്റിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ യുദ്ധം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ശക്തമായി വാദിക്കുന്നു.
ഇനിയെന്താണ് ട്രംപിന് മുന്നിലുള്ള വഴികൾ
മെയ് 1 എന്ന സമയപരിധി അവസാനിച്ചതോടെ ട്രംപിന് മുന്നിൽ മൂന്ന് പ്രധാന വഴികളാണുള്ളത്. ഒന്ന് യുഎസ് കോൺഗ്രസിന്റെ അനുമതിയോടെ യുദ്ധം തുടരുകയെന്നതാണ്. ഇതിനായി സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ പൂർണ്ണ പിന്തുണ അദ്ദേഹത്തിന് ആവശ്യമാണ്. എന്നാൽ യുദ്ധം നീണ്ടുപോകുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഇപ്പോൾ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുക എന്നതാണ് രണ്ടാമത്തെ വഴി. ഇത് സൈനികമായും രാഷ്ട്രീയമായും ട്രംപിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഇതിനെ നേരിടാൻ ഹോർമൂസിലെ നടപടി തുടരേണ്ടിവരും. പക്ഷേ യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത് തുടർന്നാൽ നിയമനടപടികൾ പ്രസിഡന്റിനെതിരെ സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കും.
മുൻപ് പല പ്രസിഡന്റുമാരും ചെയ്തതുപോലെ ഈ നിയമത്തെ അവഗണിക്കുക എന്നതാണ് അവസാനത്തെ വഴി. വാർ പവേഴ്‌സ് ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് ട്രംപ് മുന്നോട്ട് പോയേക്കാം. പക്ഷേ അത്തരമൊരു നീക്കം അമേരിക്കയിൽ വലിയ നിയമപോരാട്ടങ്ങൾക്കും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിക്കും കാരണമാകും. ഈ രാഷ്ട്രീയ തർക്കം കേവലം അമേരിക്കയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് യാഥാർത്ഥ്യം. ലോകത്തിലെ ഇന്ധന നീക്കത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഈ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
English Summary: Donald Trump declared that the war with Iran has ended, but the United States Congress has not accepted the claim. The move comes after the 60-day limit under the War Powers Resolution expired, raising legal and political questions about continuing military operations without congressional approval.