

ആഗോള താരിഫുകളിലെ അമേരിക്കൻ നയം നിയമവിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, ലോകരാജ്യങ്ങൾക്ക് വീണ്ടും താക്കീത് നൽകി ട്രംപ്. കാലങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന മറ്റു രാജ്യങ്ങൾ യുഎസ് കോടതി വിധിയുടെ പിൻബലത്തിൽ തങ്ങളെ വെല്ലുവിളിക്കാൻ തുനിഞ്ഞാൽ വലിയ വിലനൽകേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഒപ്പം, അമേരിക്കയുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ ജാഗ്രതപാലിക്കണമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയോട് ‘കളിച്ചാൽ’ ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന തീരുവ ചുമത്തുമെന്നും, കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റിന്റെ അധികാരപരിധികൾ മറികടന്നാണ് ട്രംപ് താരിഫ് നയങ്ങൾ നടപ്പിലാക്കിയതെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് 6-3 എന്ന ഭൂരിപക്ഷത്തിൽ ട്രംപിന്റെ തീരുമാനങ്ങൾക്കെതിരെ കോടതി വിധി പ്രസ്താവിച്ചത്. അസാധാരണമായ ഇത്തരം അധികാരങ്ങൾ പ്രയോഗിക്കുന്നതിന് മുൻപ് കോൺഗ്രസിന്റെ വ്യക്തമായ അനുമതി നേടണമെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് വിധിന്യായത്തിൽ പ്രസ്താവിച്ചിരുന്നു.
1977-ൽ നിലവിൽ വന്ന 'ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്' (IEEPA) ദുരുപയോഗം ചെയ്ത ട്രംപ്, കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് വ്യാപാര നികുതികൾ രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്നത്. ആദ്യ കാലങ്ങളിൽ ശത്രുരാജ്യങ്ങളുടെ ആസ്തികൾ മരവിപ്പിക്കുന്നതിനോ ഉപരോധം ഏർപ്പെടുത്തുന്നതിനോ ഉപയോഗിച്ചിരുന്ന ഈ നിയമം, വ്യാപാര നികുതികൾ ചുമത്താൻ ഉപയോഗിക്കരുതെന്ന് കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചായിരുന്നു ട്രംപിന്റെ നീക്കങ്ങൾ.
കോടതിവിധിയെ മറികടക്കാൻ ട്രംപ് അടിയന്തര നീക്കങ്ങൾ നടത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിധി വന്നതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽത്തന്നെ വിദേശ ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനം ആഗോള താരിഫ് ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടണും ഉൾപ്പെടെയുള്ള അമേരിക്കയുടെ പ്രധാന സഖ്യകക്ഷികൾ യുഎസുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
ഏതായാലും, ഈ പുതിയ താരിഫ് ഭീഷണി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. നേരത്തെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെ അമേരിക്ക നികുതി ഏർപ്പെടുത്തിയിരുന്നു. ശേഷം ചർച്ചകളിലൂടെ ഇത് 25 ശതമാനമായും, പിന്നീട് 18 ശതമാനമായും കുറയ്ക്കുകയായിരുന്നു. ട്രംപിന്റെ പഴയ നികുതി പരിഷ്‌കാരങ്ങൾ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുമായി മുന്നോട്ട് പോകാനാണ് നിലവിൽ ഇന്ത്യയുടെ തീരുമാനം.
English Summary: Former U.S. President Donald Trump warned countries against challenging the United States over tariff policies after a U.S. Supreme Court ruling declared parts of his global tariff measures unlawful. The Court ruled 6–3 that Trump exceeded presidential authority by imposing trade tariffs under the 1977 IEEPA without congressional approval. Despite the verdict, Trump moved swiftly to impose a new 10% global tariff through an executive order. Key U.S. allies including the European Union and the United Kingdom are reviewing trade agreements, while India is expected to continue trade negotiations with the U.S.