

ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, ക്യൂബ, മെക്സിക്കോ, കൊളംബിയ, ഇറാൻ, ഗ്രീൻലൻഡ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് ട്രംപിന്റെ ഭീഷണി. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിൽ എത്തിച്ച സംഭവത്തിന് പിന്നാലെയാണ് ഈ വെല്ലുവിളികൾ.
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ഇനിയും കടുത്ത തീരുവ ചുമത്തുമെന്നാണ് താക്കീത്. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ 25 ശതമാനം പിഴച്ചുങ്കം ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇപ്പോൾ, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ ഇനിയും ഉയര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണി തുടരുകയാണ്.
അമേരിക്കയുമായി വ്യാപാരക്കരാറിലെത്താനും, അതുവഴി തീരുവയിൽ ഇളവ് നേടാനുമാണ് ഇന്ത്യ നിലവിൽ ശ്രമിക്കുന്നത്. അതിനിടെയാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. ‘പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും,’എന്നായിരുന്നു ട്രംപ് പറഞ്ഞത്.
2022ൽ യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. യുദ്ധം മൂലം റഷ്യയ്ക്ക് പരമ്പരാഗത ഉപഭോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ, വലിയ തോതിൽ ഡിസ്കൗണ്ട് നൽകി അവർ ഇന്ത്യയെയും ചൈനയെയും ആകർഷിക്കുകയായിരുന്നു. എന്നാൽ ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്നത് ചൈനയാണെങ്കിലും ട്രംപ് പിഴത്തീരുവ ചുമത്തിയത് ഇന്ത്യയ്ക്ക് മാത്രമാണ്.
English Summary: U.S. President Donald Trump cautioned India that tariffs may rise if the country continues purchasing oil from Russia.