ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഇറാനില്‍ ആഭ്യന്തര കലാപം തുടരുന്നു

ഇറാനിൽ തുടരുന്ന പ്രതിഷേധത്തിൽ ഇതുവരെ 490 ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം
ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഇറാനില്‍ ആഭ്യന്തര കലാപം തുടരുന്നു
Published on

ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ്. 'ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികൾ ഞങ്ങൾ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും' ട്രംപ് പറഞ്ഞു. ഇറാൻ തങ്ങളുമായി ചർച്ചകൾ ആഗ്രഹിക്കുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അതിനുമുമ്പേ തങ്ങൾ അന്തിമ തീരുമാനത്തിലേക്ക് എത്തിയേക്കാമെന്നും, ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ഇറാൻ സ്ഥിതിഗതികളിൽ യുഎസ് സൈന്യത്തിന്റെ സൂക്ഷ്മ നിരീക്ഷണമുണ്ട്. ഓരോ മണിക്കൂർ ഇടവേളയിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും അധികം വൈകാതെ അമേരിക്കൻ സൈനിക ഇടപെടൽ ഉണ്ടാവുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യാക്രമണമെന്നോണം ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇറാൻ അത്തരത്തിൽ ആക്രമിച്ചാൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ഇറാനെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിടുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

അതേസമയം, ഇരുരാജ്യങ്ങളും ചർച്ചകൾക്ക് ആഗ്രഹിക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയെ നിരാകരിച്ച് ഇറാൻ രം​ഗത്തുവന്നിട്ടുണ്ട്. രാജ്യത്തിനകത്ത് ഇപ്പോൾ സംഭവിക്കുന്ന ആക്രമണങ്ങൾക്കും പ്രതിഷേധക്കാർക്കും പിന്നിൽ ഇസ്രയേലും അമേരിക്കയുമെന്ന് നേരത്തെ ഇറാന്റെ പരമോന്നത നേതൃത്വം ആരോപിച്ചിരുന്നു. രാജ്യത്തെ ആക്രമിച്ച അതേ ശക്തികൾ തന്നെയാണ് നിലവിലെ അസന്തുലിതാവസ്ഥകളുടെയും കാരണക്കാരെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ചൂണ്ടികാണിച്ചു.

ഇറാനിൽ തുടരുന്ന പ്രതിഷേധത്തിൽ ഇതുവരെ 490 ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 48 സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്ക ആക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാവും ഇറാൻ ശ്രമിക്കുക. നേരത്തെ ഇസ്രായേൽ സംഘർഷത്തിനിടെ ഇറാൻ അമേരിക്കയുടെ ഖത്തർ വ്യോമസേനാ കേ​ന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. യുഎസിന്റെ വ്യോമാക്രമണത്തിന് പ്രതികരണമായിരുന്നു തിരിച്ചടി.

As protests escalate in Iran, US President Donald Trump has warned of possible military action, while Iran has vowed to retaliate if attacked.

Related Stories

No stories found.
Madism Digital
madismdigital.com