

യുഎസ്-ഇസ്രായേൽ സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ നിലവിലുള്ളതിനേക്കാൾ കഠിനമായ യുദ്ധമുറകൾ വരാനിരിക്കുന്നതെയുള്ളൂവെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്. തങ്ങൾ ഇറാനെ തകർക്കുകയാണെന്നും മികച്ച രീതിയിലാണ് യുദ്ധം മുന്നേറുന്നതെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
'എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു' ട്രംപ് പറഞ്ഞു. യുദ്ധം അധികാലം നീണ്ടുനിൽക്കില്ല. നാലാഴ്ച നീളുമെന്ന് കരുതിയിരുന്ന യുദ്ധം, വിചാരിച്ചതിലും വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ ഭരണമാറ്റമാണ് യുഎസ് ലക്ഷ്യം ശക്തമായ യുദ്ധതരംഗം ഇതുവരെ സംഭവിച്ചിട്ടില്ല. വലിയ ആക്രമണം ഉടൻ തന്നെ വരും, ട്രംപ് മുന്നറിയിപ്പ് നൽകി.
യുദ്ധം അധികാൾ നീണ്ടുപോകില്ലെന്ന് തന്നെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേയും പ്രസ്താവന. യുദ്ധം നീണ്ടുപോകുമെന്ന വാദങ്ങളെ നെതന്യാഹു നിഷേധിച്ചു. അനന്തമായ യുദ്ധം നടക്കുമെന്ന തരത്തിൽ ചിലർ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും എന്നാൽ ഇറാനിലെ നിലവിലുള്ള ഭീകര ഭരണകൂടം ദുർബലമായതിനാൽ തന്നെ അനന്തമായ യുദ്ധത്തിന് സാധ്യതെയില്ലെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. വേഗതയേറിയതും അതി നിർണായകവുമായ നടപടിയാണ് ഇപ്പോൾ സംഭവിച്ചത്. ഇറാനിലെ ഭരണമാറ്റത്തിന് അനുകൂലമായ സാഹചര്യങ്ങൾ യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിലൂടെ സൃഷ്ടിക്കുമെന്നും നെതന്യാഹു പറഞ്ഞു.
മധ്യേഷ്യയിൽ സംഭവിക്കുന്ന 95 ശതമാനം പ്രശ്‌നങ്ങൾക്കും ഇറാനാണ് കാരണക്കാരെന്നും, നിലവിലെ ഇറാൻ ഭരണകൂടം താഴെ വീണാൽ, അത് ഇസ്രായേലും അറബ്, മുസ്ലിം രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടികൾക്ക് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു സമാധാന യുഗത്തിന് ഇതോടു കൂടി തുടക്കമിടുമെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഇറാനുമായുള്ള യുദ്ധത്തിലേക്ക് ഇസ്രായേൽ അമേരിക്കയെ വലിച്ചിഴച്ചുവെന്ന വിമർശനത്തെ നെതന്യാഹു പരിഹസിച്ചു തള്ളി. ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണെന്നും അമേരിക്കയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ട്രംപ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വരാനിരിക്കുന്ന തലമുറകൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ട്രംപ് ചെയ്യുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
English Summary: Donald Trump warned that the ongoing US-Israel joint military action against Iran will intensify, claiming the war will not last long and major attacks are imminent. Israeli Prime Minister Benjamin Netanyahu also dismissed fears of a prolonged conflict, stating that Iran’s regime is weakening and that regime change could reshape Middle East peace dynamics.