

സമാധാനക്കരാറുകളുടെ കാത്തിരിപ്പിൽ അൽപ്പം അയവ് വന്നിരുന്ന അമേരിക്ക - ഇറാൻ യുദ്ധം വീണ്ടും തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ പശ്ചിമേഷ്യയും ലോക സമ്പദ് ഘടനയും വീണ്ടും ആശങ്കയുടെ നിഴലിൽ. ഇറാന്റെ കരാറിന് കാലതാമസം വരുന്നെന്ന് ആരോപിച്ചാണ് അമേരിക്ക കഴിഞ്ഞ ദിവസം വീണ്ടു യുദ്ധം തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തന്നെ നൽകിയിരുന്ന ഉറപ്പാണ് പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസം വീണ്ടും ലംഘിക്കപ്പെട്ടത്.
സമാധാനക്കരാറിലെ ചില ഘടകങ്ങൾ ഒപ്പുവെക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ഇരു രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾക്ക് അനുകൂലമായി ഇറാൻ ഒപ്പുവെക്കുന്നതിന് സമ്മർദം ചെലുത്താനായി രാജ്യത്തെ ആക്രമിക്കുമെന്ന് ട്രംപ് നൽകിയ മുന്നറിയിപ്പ് അക്ഷരംപ്രതി നടപ്പിലാക്കുകയായിരുന്നു യുഎസ്.
അമേരിക്ക ഇന്നലെ നടത്തിയ ആക്രമണം ഇറാനിലെ ജല സംഭരണ കേന്ദ്രത്തെ ലക്ഷ്യംവെച്ചായിരുന്നു. ഇറാന്റെ കരാർ വെെകുന്നുവെന്നാണ് ഇതിനു ന്യായീകരണമായി ട്രംപ് പറഞ്ഞത്. തിരിച്ചടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക ആസ്ഥാനങ്ങൾക്കുനേരെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. ജോർദാനിലെയും കുവൈത്തിലെയും ബഹ്റൈനിലെയും 18 കേന്ദ്രങ്ങൾക്കുനേരെ മിസൈൽ പ്രയോഗിച്ചതായി ഇറാൻ ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്കു മറുപടിയായാണ് ഈ നടപടിയെന്നാണ് രാജ്യം അറിയിച്ചത്. കഴിഞ്ഞ ദിവസത്തെ അമേരിക്കൻ ആക്രമണത്തിനു മറുപടിയായി ഇതേ താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടിരുന്നത്. യുഎസ് സൈനിക കപ്പലുകളെയും ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ട്.
പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അതിക്രമിച്ചു കടക്കുന്ന കപ്പലുകളെ തകർക്കുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള തെക്കൻ ഇറാനിലെ വിവിധ നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന റിപ്പോർട്ടുകളും എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടുവെന്ന വാർത്തകളും പുറത്തുവന്നതോടെ എണ്ണവില വീണ്ടും ഉയർന്നു. ഒറ്റ ദിവസംകൊണ്ട് ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തോളം ഉയർന്ന് ബാരലിന് 95 ഡോളറിനു മുകളിലെത്തി.
കരാറിലെത്താൻ അവസരം നൽകിയിരുന്നെങ്കിലും അത് ഉപയോഗിച്ചില്ലെന്നും ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം തുടരുമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഇന്നലെ അറിയിച്ചിട്ടുണ്ട്. നിരാശയിൽ ിന്നുണ്ടായ ട്രംപിന്‍റെ പ്രതികരണം വില വെക്കുന്നില്ലെന്നും ഭീഷണിക്കും സമ്മർദങ്ങൾക്കും മുന്നിൽ കീഴടങ്ങില്ലെന്നുമുള്ള ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാന്റെ മറുപടി വരുംദിവസങ്ങളിലെ പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന്റെ നേർക്കാഴ്ചയാകും.
English Summary: A renewed military confrontation between the United States and Iran has reignited fears over global economic stability. After accusing Tehran of delaying a peace agreement, President Donald Trump ordered fresh strikes on Iranian targets, prompting a strong Iranian response. Tehran claimed it launched missiles at multiple US military installations in Bahrain and Kuwait and warned of further retaliation. Iran also announced the closure of the Strait of Hormuz and threatened vessels attempting to pass through it. Reports of attacks on oil tankers and rising regional tensions pushed crude oil prices above $95 per barrel, raising concerns about prolonged instability in the Middle East.