

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യു.എസും ഇറാനും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക.
കരാറിൽ ഒപ്പുവെച്ച കാര്യം ട്രംപും വാൻസും സ്ഥിരീകരിച്ചു. കരാർ ഒപ്പുവെക്കപ്പെട്ടു എന്നായിരുന്നു ഫ്രാൻസിൽ ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപിന്ർറെ പ്രതികരണം. ഇറാന് ഇനി ന്യൂക്ലിയർ ആയുധം ഉണ്ടാകില്ലെന്നും ഭാഗികമായി തുറന്ന ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണമായി തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടുമാസത്തിലധികം നീണ്ട സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുന്നത്. കരാര്‍ പ്രഖ്യാപിച്ച യുഎസ് ട്രംപ്, കപ്പലുകള്‍ തയ്യാറാക്കൂ എന്നും, എണ്ണ ഒഴുകട്ടെയെന്നും ട്രൂത്ത് സോഷ്യലില്‍ ആഹ്വാനം ചെയ്തു.
ജൂണ്‍ 19 വെള്ളിയാഴ്ച കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ ഹോര്‍മുസ് തുറക്കുമെന്നും യുഎസ് നാവിക ഉപരോധം പിന്‍വലിക്കുമെന്നുമാണ് ധാരണ.
അതേസമയം യുഎസുമായി ഉണ്ടാക്കിയ ഈ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുന്ന രീതി തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും പൂർണ്ണമായ സമവായത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. ഈ തർക്കവിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ ഇരുപക്ഷവും തമ്മിൽ തുടർചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഹോർമൂസ് വെള്ളിയാഴ്ച തുറക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനമെങ്കിലും അതിനി തുറന്നാലും പൂർണമായി പ്രവർത്തനസജ്ജമാകാൻ വീണ്ടും മാസങ്ങളെടുത്തേക്കാം.
മൈൻ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ 40 മുതൽ 50 ദിവസം വരെ തുടരേണ്ടി വരാമെന്നാണ് സമുദ്രസുരക്ഷാ സേനയെ ഉദ്ധരിച്ച് റോയിട്ടേഴ്സിനോട് റിപ്പോർട്ട് ചെയ്യുന്നത് . അതിന് ശേഷമേ ഷിപ്പിംഗ് കമ്പനികൾക്ക് ഈ ജലപാതയിലൂടെ കപ്പൽഗതാഗതം അനുവദിക്കാൻ മതിയായ ആത്മവിശ്വാസം ഉണ്ടാകൂ. 20,000ലധികം ജീവനക്കാരുമായി 500ഓളം കപ്പലുകളാണ് നിലവിൽ ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്നത്.
യുഎസിന്റെയും ഇറാന്റെയും ഭാഗത്ത് നിന്ന് ഇതുവരെ 46 തവണ ഹോർമൂസിന് നേരെ ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ റിപ്പോർട്ട്.
അതേസമയം അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ തീരത്തേക്ക് മൂന്ന് ഓയിൽ ടാങ്കർ ഉൾപ്പടെ 5 കപ്പലുകൾ എത്തിയിട്ടുണ്ട്.
English Summary: To help end the conflict in West Asia, the United States and Iran have digitally signed a peace agreement. According to a Reuters report citing a senior U.S. official, U.S. President Donald Trump, Vice President J.D. Vance, and Iranian Parliament Speaker Mohammad Bagher Ghalibaf digitally signed the memorandum of understanding.
The agreement will be formally signed in Geneva on Friday and will come into effect only after that.