അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് തകർത്തു; ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം

യുദ്ധത്തിന് പുറമെ ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താൻ ട്രംപ് ഭരണകൂടം വലിയ നടപടികളാണ് സ്വീകരിക്കുന്നത്
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് തകർത്തു; ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം
Published on

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണശ്രമങ്ങൾക്ക് മറുപടിയായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തു. ഒമാൻ ഉൾക്കടലിൽ വെച്ച് നാലും, ഖാർ​ഗ് ദ്വീപിന് സമീപത്ത് വെച്ച് ഒന്നുമാണ് തകർത്തതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പലുകൾ തകർക്കുന്നതിന് മുൻപ് ജീവനക്കാരോട് കപ്പൽ ഉപേക്ഷിച്ച് പോകാൻ അമേരിക്കൻ സൈന്യം നിർദേശം നൽകിയിരുന്നു. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ സുരക്ഷിതമായി രക്ഷപ്പെട്ടതായും സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സെന്റ്കോം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾക്കും വാണിജ്യ കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിനും ഒപ്പം ഇറാൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തി ഭരണകൂടത്തെ സാമ്പത്തികമായി തളർത്താനുമാണ് അമേരിക്ക ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ കൂടി അമേരിക്ക തകർത്തിരുന്നു.

അമേരിക്കയുടെ ഈ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയായാണ് ജോർദാനിലെ മുവാഫാഖ് സാൽറ്റി എയർ ബേസിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോ​ഗിച്ചത്. അമേരിക്കൻ സൈന്യം പ്രധാനമായും ഉപയോ​ഗിക്കുന്ന ഒരു വ്യോമതാവളമാണിത്. എന്നാൽ, ഇറാൻ തൊടുത്തുവിട്ട 20 മിസൈലുകളിൽ 18 എണ്ണവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. ബാക്കി രണ്ട് മിസൈലുകൾ ജനവാസരഹിതമായ പ്രദേശത്താണ് പതിച്ചതെന്നും അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ വ്യക്തമാക്കി.

അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് തകർത്തു; ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം
ഗള്‍ഫില്‍ പുതിയ യുദ്ധമുഖം തുറന്ന് ഇറാന്‍; സൗദി നഗരങ്ങള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം, 73 പേര്‍ക്ക് പരിക്ക്

ഇതിന് പുറമെ, അമേരിക്കൻ സൈനികർക്ക് താവളമൊരുക്കുന്നു എന്ന് ആരോപിച്ച് കുവൈറ്റിലെയും ബഹ്റൈനിലെയും തുറമുഖങ്ങളിലുള്ള കപ്പലുകൾക്ക് നേരെയും ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭീഷണി മുഴക്കിയിട്ടുണ്ട്. തങ്ങളുടെ ശത്രുക്കളെ സഹായിക്കുന്ന ഈ രാജ്യങ്ങളിലെ കപ്പലുകൾ ആക്രമിക്കപ്പെടുമെന്നും, അതിനാൽ ജീവനക്കാരോട് എത്രയും വേഗം കപ്പലുകൾ വിട്ടുപോകാനും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകി.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർ​ഗ് ദ്വീപിൽ നിന്ന് വെറും നാല് മൈൽ അകലെ വെച്ചാണ് ഒരു കപ്പൽ അമേരിക്ക ആക്രമിച്ചതെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ കപ്പൽ ഒമാൻ ഉൾക്കടലിനടുത്തുള്ള ജാസ്ക് തീരത്തിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. തകർക്കപ്പെട്ട കപ്പലുകളിലെ ജീവനക്കാരെ ലൈഫ് ബോട്ടുകളിൽ സുരക്ഷിതമായി തീരത്തെത്തിച്ചിട്ടുണ്ട്. അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്താൻ ശ്രമിക്കുന്ന ഓരോ തവണയും അവരുടെ എണ്ണക്കപ്പലുകൾക്ക് സമാനമായ വിധി നേരിടേണ്ടി വരുമെന്ന് കൊളംബിയ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.

യുദ്ധത്തിന് പുറമെ ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താൻ ട്രംപ് ഭരണകൂടം വലിയ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 27 ഇറാനിയൻ വിമാനക്കമ്പനികൾക്കും 9 അനുബന്ധ സേവനദാതാക്കൾക്കും മേൽ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഐആർജിസിയെ സഹായിക്കുന്നു എന്നാരോപിച്ച് 2011 മുതൽ ഉപരോധം നേരിടുന്ന മഹാൻ എയർ എന്ന സ്വകാര്യ വിമാനക്കമ്പനിക്ക് സേവനങ്ങൾ നൽകി എന്നതാണ് ഈ സ്ഥാപനങ്ങൾക്കെതിരെയുള്ള പ്രധാന കുറ്റം.

Summary

The US military destroyed five Iranian oil tankers in the Gulf of Oman and the Persian Gulf in retaliation for attempted attacks on US Navy warships. Iran responded by launching 20 ballistic missiles at a US-utilized air base in Jordan, with Jordanian air defenses intercepting 18 of them. As regional tensions escalate, Iran has threatened further attacks on commercial vessels near Kuwait and Bahrain, while the US imposed sweeping new sanctions on 27 Iranian airlines to maximize economic pressure on Tehran.

Madism Digital
madismdigital.com