ഇറാനെ 'തകർക്കാൻ' പുതിയ പ്ലാനുമായി യുഎസ്-ഇസ്രായേൽ; മൂന്ന് ദിവസം നീണ്ട യുദ്ധം, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വൻ ആക്രമണം

ദീർഘകാലം നീണ്ടുനിൽക്കുന്ന ആക്രമണപരമ്പരകൾക്ക് പകരം ദൈർഘ്യം കുറഞ്ഞ, എന്നാൽ മാരകമായ ആക്രമണങ്ങളാവും ഈ തവണ നടത്തുക
ഇറാനെ 'തകർക്കാൻ' പുതിയ പ്ലാനുമായി യുഎസ്-ഇസ്രായേൽ; മൂന്ന് ദിവസം നീണ്ട യുദ്ധം, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വൻ ആക്രമണം
Published on: 

ഇറാനിൽ പുതിയ പദ്ധതിയുമായി യു.എസും ഇസ്രായേലും. മൂന്ന് ദിവസം നീണ്ട വൻ ആക്രമണങ്ങൾക്കാണ് പദ്ധതിയിടുന്നത്. യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് ആക്രമണം നടത്താനാണ് ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

ഇറാനെതിരെയുള്ള സൈനിക നടപടികളും തന്ത്രങ്ങളും പുനഃസംഘടിപ്പിക്കുന്നതിൽ സജീവ നീക്കങ്ങളിലാണ് അമേരിക്കയും ഇസ്രായേലും. ദീർഘകാലം നീണ്ടുനിൽക്കുന്ന ആക്രമണപരമ്പരകൾക്ക് പകരം ദൈർഘ്യം കുറഞ്ഞ, എന്നാൽ മാരകമായ ആക്രമണങ്ങളാവും ഈ തവണ നടത്തുകയെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പദ്ധതിയുടെ ഭാഗമായി യു.എസ്, ഇസ്രായേൽ സൈന്യങ്ങൾ വ്യോമാക്രമണം പരിശീലനങ്ങൾ വേഗത്തിലാക്കുകയും ഇറാഖിന് മുകളിലൂടെ യുദ്ധവിമാനങ്ങൾ പറത്തി ആക്രമണ പരിശീലനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. പുതിയ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ ആഴ്ച ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇറാന്റെ ഊർജ-ആണവ കേന്ദ്രങ്ങളെയും മിസൈൽ-ഡ്രോൺ സംവിധാനങ്ങളെയും നേരിട്ട് തകർക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. എട്ട് മാസത്തെ ആക്രമണങ്ങൾ കൊണ്ട് തന്നെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാൻ.

ഒന്നിലധികം ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായാൽ അത് താങ്ങാൻ സാമ്പത്തികമായി ഇറാന് ഇനി കഴിഞ്ഞേക്കില്ല. അങ്ങനെ വന്നാൽ നയതന്ത്രപരമായ ഒത്തുതീർപ്പുകൾക്ക് സർക്കാർ വഴങ്ങുമെന്നാണ് യു.എസും ഇസ്രായേലും പ്രതീക്ഷിക്കുന്നത്.

എന്നിരുന്നാലും, ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ യു.എസും ഇസ്രായേലും നടത്തിയ അതിശക്തമായ ആദ്യഘട്ട ആക്രമണങ്ങളേക്കാൾ കൂടുതൽ വിജയം പുതിയൊരു യുദ്ധത്തിന് നേടാനാകുമോ എന്ന കാര്യം സംശയിക്കേണ്ടതുണ്ടെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ പോരാട്ടങ്ങൾ ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നതിനും നാണയപ്പെരുപ്പത്തിനും കാരണമാകുകയും, പശ്ചിമേഷ്യയിലെ സുരക്ഷ തകർക്കുകയും, പെന്റഗണിന്റെ മിസൈൽ പ്രതിരോധ സംഭരണത്തെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു.

കൂടാതെ, ട്രംപ് പുതിയ ആക്രമണങ്ങൾക്ക് അനുമതി നൽകുമോ എന്ന കാര്യത്തിലും ഉറപ്പില്ല. യു.എസും ഇസ്രായേലും ആക്രമണത്തിന് പൂർണ്ണ സജ്ജരായ ഘട്ടത്തിലടക്കം, വൻതോതിലുള്ള സൈനിക നടപടികളിലേക്ക് തിരിച്ചുവരുന്നതിനെ ട്രംപ് ഈ വർഷം പലതവണ വീറ്റോ ചെയ്ത് തടഞ്ഞിട്ടുണ്ട്.

യു.എസ് വീണ്ടും ആക്രമണങ്ങൾക്ക് മുതിർന്നാൽ ഇത്തവണ വാണിജ്യക്കപ്പലുകളും ഊർജകേന്ദ്രങ്ങളും മാത്രമാവില്ല ഇറാൻ ലക്ഷ്യമിടുക. അമേരിക്കയുടെ ഡാറ്റാ സെന്ററുകൾക്ക് നേരെയും സബ്‌മറൈൻ കേബിളുകൾക്ക് നേരെയും ആക്രമണങ്ങൾ നീണ്ടേക്കാം. ലോകത്തിലെ ഇൻ്റർനെറ്റ് ഡാറ്റയുടെ 95% ലധികം കൈമാറ്റം ചെയ്യപ്പെടുന്നത് സമുദ്രത്തിനടിയിലെ ഈ കേബിളുകൾ വഴിയാണ്. അങ്ങനെ വന്നാൽ ആഗോള തലത്തിൽ എല്ലാ തരത്തിലുമുള്ള ആശയവിനിമയവും താറുമാറാകും. എടുത്ത് ചാട്ടത്തിന് നിൽക്കാതെ, എന്നാൽ ഒന്നിനെയും വിടാതെയുള്ള കനത്ത പ്രഹരങ്ങൾക്കാണ് ഇറാനും തയ്യാറെടുക്കുന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നവംബർ ആദ്യവാരത്തോടെ പൂർണ്ണസജ്ജമാകുന്ന തരത്തിൽ വൻതോതിലുള്ള ആയുധശേഖരം രൂപീകരിച്ചുകൊണ്ടിരിക്കുമ്പോഴും, നയതന്ത്ര ശ്രമങ്ങൾ അമേരിക്ക തുടർന്നുപോരുന്നുണ്ട്. ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്കിന്റെ മേലുള്ള നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങളിൽ പുരോഗതിയുണ്ടാക്കാൻ, വീണ്ടുമൊരു യുദ്ധത്തിനുള്ള സാധ്യതയെ ഒരു സമ്മർദ്ദതന്ത്രമായി യു.എസ് ഉപയോഗിക്കുകയാണെന്ന് വേണം കരുതാൻ.

എന്നാൽ തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാതെ അമേരിക്കയുമായി ചർച്ചയ്ക്ക് പോലുമില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ.

ഇറാനെ അനുനയിപ്പിക്കാൻ ഒരു കനത്ത പ്രഹരം ആവശ്യമാണെന്ന വിലയിരുത്തതിലാണ് അമേരിക്ക ഇപ്പോൾ മൂന്ന് ദിവസത്തെ ആക്രമണപരിപാടികൾക്ക് പദ്ധതിയിടുന്നത് എന്നാണ് വിവരം. കനത്ത ആക്രമണങ്ങളിലൂടെ ഇറാന്റെ അടിമുടിയുള്ള തകർച്ച പെന്റഗണിൽ ചിലരെങ്കിലും ഇപ്പോഴും പ്രവചിക്കുന്നുണ്ട്. പക്ഷേ ഇതിന് ട്രംപിന്റെയും നെതന്യാഹുവിന്റെയോ അനുമതി കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Summary

The US and Israel are planning a new operation against Iran, involving three days of major strikes. The two countries have reportedly jointly decided to launch the attacks immediately after the US midterm elections.

Madism Digital
madismdigital.com