

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിലവില്‍ ചുമതലയുള്ള ഇടക്കാല സര്‍ക്കാര്‍ അമേരിക്കയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 30 മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ ഉയർന്ന നിലവാരമുള്ള എണ്ണയാണ് വിപണി വിലയ്ക്ക് യുഎസിന് നല്‍കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ വഴി അറിയിച്ചു.
എണ്ണ വില്‍പ്പനയിലൂടെ വെനസ്വേലയ്ക്ക് ലഭിക്കുന്ന മുഴുവന്‍ വരുമാനവും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സ്റ്റോറേജ് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ നേരിട്ട് അമേരിക്കയിലെ അണ്‍ലോഡിംഗ് ഡോക്കുകളിലെത്തിക്കുന്ന സംവിധാനമായിരിക്കും സ്വീകരിക്കുക. ഈ തുക ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഊര്‍ജ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും അറിയിച്ചിട്ടുണ്ട്.
വെനസ്വേലയിലെ അന്തിമ ചുമതല തനിക്കാണെന്ന നിലപാടാണ് ട്രംപ് ആവര്‍ത്തിച്ചത്. വെനസ്വേലയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും യുഎസും വെനസ്വേലയും യുദ്ധാവസ്ഥയില്‍ അല്ലെന്നും ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ജനുവരി മൂന്നിന് ‘ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ്’ എന്ന പേരില്‍ നടത്തിയ നടപടിയിലൂടെയാണ് യുഎസ് സൈന്യം വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും കസ്റ്റഡിയിലെടുത്തത്. മഡൂറോ നിലവില്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനിലുള്ള മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ്.
മയക്കുമരുന്ന് കടത്തും ആയുധങ്ങള്‍ കൈവശം വെച്ചതുമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജനുവരി അഞ്ചിന് മഡൂറോയെ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റങ്ങള്‍ മഡൂറോ നിഷേധിച്ചുവെന്നും, കേസിലെ അടുത്ത വാദം മാര്‍ച്ച് 17ന് നടക്കുമെന്നുമാണ് വിവരം. മഡൂറോയെ യുഎസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ഈ പശ്ചാത്തലത്തില്‍, ട്രംപ് ചെലുത്തിയ കടുത്ത സമ്മര്‍ദത്തെ തുടർന്നാമ് യുഎസിന് എണ്ണ നല്‍കാനുള്ള തീരുമാനത്തിലേക്ക് വെനസ്വേല എത്തിയിരിക്കുന്നത്.
English Summary: Venezuela's interim government agrees to supply oil to the US, with proceeds to be controlled by the US government. Trump announces the deal, citing the need to support the people of Venezuela and the US.