

നാലാഴ്ച്ച നീളുന്ന സൈനിക നടപടിയെന്ന് വിശേഷിപ്പിച്ച് ഇറാനെതിരെ തുടങ്ങിയ യുദ്ധം നാല് മാസത്തിലധികം നീണ്ടുനിന്നതിനെതുടർന്ന് അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുപോലും വിമർശനം നേരിട്ട യുദ്ധ നടപടി ഇപ്പോഴിതാ അമേരിക്കയിലെ അടുത്ത വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്ക-ഇറാൻ യുദ്ധം താൽക്കാലികമായി അവസാനിച്ചെങ്കിലും യുദ്ധാനന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിയന്തരമായി 87.6 ബില്യൺ ഡോളർ അനുവദിക്കണമെന്ന് വൈറ്റ് ഹൗസ് അമേരിക്കൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാനെതിരെയുള്ള സൈനിക നടപടിയെ വിമർശിച്ചുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സഹായ അഭ്യർത്ഥന എന്നുള്ളതാണ് തമാശ. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇറാനുമായുള്ള യുദ്ധം രാജ്യത്തെ ജനങ്ങൾക്കിടയിൽ വലിയ പിന്തുണ നേടാനായില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർവേ പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ട്രംപിന്റെ സമാധാന കരാറെന്ന വിമർശനം രാജ്യത്ത് കഴിഞ്ഞ ആഴ്ച്ച മുതൽ സജീവമാണ്.
ഇറാനുമായി നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും യുദ്ധച്ചെലവിനെച്ചൊല്ലിയുള്ള ആശങ്കകൾ ശക്തമാണ്. അതുകൊണ്ടുതന്നെ നിലവിൽ കോൺഗ്രസിൽ സമർപ്പിച്ച ഈ ധനസഹായ നിർദേശം അംഗീകാരം നേടുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ആവശ്യപ്പെട്ടിരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം സംഖ്യയും പ്രതിരോധ വകുപ്പിനായാണ് നീക്കിവെച്ചിരിക്കുന്നതെന്നാണ് കോൺഗ്രസിന് സമർപ്പിച്ച അഭ്യർത്ഥനയിൽ സൂചിപ്പിച്ചിട്ടുള്ളത്. 21 ബില്യൺ ഡോളർ ആയുധങ്ങളും മിസൈലുകളും ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾക്കായാണ്. 17.3 ബില്യൺ ഡോളർ യുദ്ധപ്രവർത്തനങ്ങളുടെയും സൈനിക ഓപ്പറേഷനുകളുടെയും ചെലവുകൾക്കായി നീക്കിവെക്കും. 12.1 ബില്യൺ ഡോളർ രഹസ്യ പദ്ധതികൾക്കായും ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിനിടെ ആക്രമണ ഭീഷണി നേരിട്ട മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും അമേരിക്കൻ എംബസികളുടെയും നയതന്ത്ര കേന്ദ്രങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്താൻ ഏകദേശം 300 മില്യൺ ഡോളറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത ചില പദ്ധതികൾക്കും ഫണ്ട് അനുവദിക്കണമെന്നാണ് അഭ്യർഥന. അമേരിക്കൻ കർഷകർക്ക് 11 ബില്യൺ ഡോളറും മധ്യ ആഫ്രിക്കയിലെ എബോള പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ 1.4 ബില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു.
ഇറാനെതിരായ സൈനിക നടപടികളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തെ പിന്താങ്ങി നാല് റിപ്പബ്ലിക്കൻ പ്രതിനിധകളാണ് വോട്ടുചെയ്തത്. യുദ്ധത്തിലെ ട്രംപിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വളരുന്ന അസ്വസ്ഥതയുടെകൂടി സൂചനയാണിത്.
പ്രമേയത്തെ സമയോചിതമല്ലാത്തതും അർഥശൂന്യവുമായ നടപടിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചു. തനിക്കെതിരെ വോട്ട് ചെയ്ത നാല് റിപ്പബ്ലിക്കൻ സെനറ്റർമാരെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പരാജിതർ എന്നും വിളിച്ചു. നാറ്റോ മേധാവി മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയിലും ഇവർ മണ്ടത്തരമാണ് കാണിക്കുന്നത് എന്ന് ട്രംപ് ആരോപിച്ചിരുന്നു.
The United States is facing growing political controversy after its four-month war with Iran, which was initially described as a military operation expected to last only four weeks. Although a ceasefire is now in place, the White House has asked Congress to approve $87.6 billion in emergency funding for post-war requirements. The request comes just after Congress passed a resolution criticizing President Donald Trump’s military actions. With public support for the war declining and some Republicans opposing Trump’s approach, the funding proposal is expected to face significant scrutiny in Congress.