

ഹോർമൂസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാനും നാവിക പാത വീണ്ടും തുറക്കാനുമുള്ള നീക്കങ്ങൾ ദോഹയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഖത്തറിന്റെ അടിയന്തര മധ്യസ്ഥതയിൽ യു.എസുമായും ഇറാനുമായും നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ 'രണ്ടു ദിവസത്തിനകം' ഉപരോധം നീക്കി കടലിടുക്ക് തുറന്നുനൽകാമെന്ന നിർദേശം ഇറാൻ മുന്നോട്ടുവെച്ചതായാണ് വിവരങ്ങൾ.
എന്നാൽ, നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും പ്രകോപനപരമായ നിലപാടുകളും മേഖലയിൽ ആശങ്ക നിലനിർത്തുന്നുണ്ട്.
ഇറാന്റെ 'രണ്ടു ദിവസത്തെ പദ്ധതി'
ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഖത്തർ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇറാന്റെ പുതിയ നിർദേശം വ്യക്തമാക്കിയത്
നിബന്ധനകൾ ഇവയൊക്കെ
ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളും പേർഷ്യൻ ഉൾക്കടൽ മേഖലയിലെ നാവിക നിരീക്ഷണ ഉപരോധങ്ങളും ഉടനടി അവസാനിപ്പിക്കണം.
വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ടിരിക്കുന്ന 6 ബില്യൺ ഡോളറിന്റെ ഇറാനിയൻ സാമ്പത്തിക ആസ്തികൾ നിബന്ധനകളില്ലാതെ വിട്ടുനൽകണം.
പേർഷ്യൻ ഉൾക്കടലിലെ തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കയുടെയോ സഖ്യസേനകളുടെയോ സൈനിക നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകണം.
യു.എസ് അവരുടെ യുക്തിസഹമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ, രണ്ട് ദിവസത്തിനുള്ളിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ സാധിക്കുന്ന പദ്ധതി നിർദ്ദേശം ഖത്തറിന് കൈമാറിയിട്ടുണ്ടെന്ന് അബ്ബാസ് അറാഗ്ചി അറിയിച്ചു.
പോർവിളിയുമായി യു.എസും ഇറാനും
നയതന്ത്ര തലത്തിൽ ചർച്ചകൾ മുന്നോട്ട് പോകുമ്പോഴും ഇരുപക്ഷത്ത് നിന്നും കടുത്ത മുന്നറിയിപ്പുകളാണ് പുറത്തുവരുന്നത്.
ഇറാന്റെ വ്യവസ്ഥകൾ തത്ത്വത്തിൽ അംഗീകരിക്കാൻ അമേരിക്ക ഇനിയും ഔദ്യോഗികമായി തയ്യാറായിട്ടില്ല. അന്താരാഷ്ട്ര സമുദ്രപാത തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, ഹോർമൂസിൽ അന്താരാഷ്ട്ര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക ശക്തി ഉപയോഗിക്കാൻ മടിക്കില്ലെന്നും വാഷിംഗ്ടൺ വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം നയതന്ത്രത്തിന് തങ്ങൾ തയ്യാറാണെങ്കിലും ഏതൊരു സൈനിക ആക്രമണത്തെയും പ്രതിരോധിക്കാൻ സജ്ജരാണെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. കൂടാതെ, ഇറാന്റെ ആണവനിലയങ്ങളിലോ പ്രതിരോധ പ്രോഗ്രാമുകളിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിന്റെ നയതന്ത്ര പ്രതിനിധികൾ ടെഹ്റാനിലും ദോഹയിലുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, ഈ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് മധ്യസ്ഥർ ആശങ്കപ്പെടുന്നത്.
ആഗോള എണ്ണവിപണി പ്രതിസന്ധിയിൽ
ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാത അടഞ്ഞു കിടക്കുന്നത് ക്രൂഡ് ഓയിൽ വിലയിൽ വലിയ കുതിച്ചുകയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്
സൈനിക ഏറ്റുമുട്ടൽ ഭീതി
ചർച്ചകൾ അട്ടിമറിക്കപ്പെടുകയാണെങ്കിൽ മേഖലയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് കൂടുതൽ ശക്തമായ സൈനിക നീക്കങ്ങൾ ആരംഭിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്.
ഖത്തർ സമർപ്പിച്ച പദ്ധതിയിൽ അമേരിക്ക കൈക്കൊള്ളുന്ന തീരുമാനമായിരിക്കും വരും ദിവസങ്ങളിൽ ഹോർമൂസ് കടലിടുക്കിന്റെയും ആഗോള എണ്ണ വിപണിയുടെയും ഭാവി നിർണ്ണയിക്കുക.
Efforts to end the blockade of the Strait of Hormuz and reopen the vital shipping route are gaining momentum in Doha. Under Qatar's urgent mediation, talks involving the US and Iran are progressing rapidly. Reports suggest that Iran has proposed lifting the blockade and reopening the strait within 'two days', provided its conditions are accepted.