

തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി.
ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് ഷേക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ മീൻപിടിക്കാൻ പോയ കുട്ടി വൈദ്യുത പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചതോടെയാണ് അപകടമുണ്ടായത്. സ്റ്റേ കമ്പി ഹൈവോൾട്ടേജ് വൈദ്യുതി ലൈനുമായി സമ്പർക്കത്തിലായിരുന്നതാണ് ഷോക്കേൽക്കാൻ കാരണമായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജുനൈദിന്റെ ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് സ്റ്റേ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ തന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. നിരവധി തവണ പരാതി അറിയിച്ചിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. കുട്ടിയുടെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് (ഡെപ്യൂട്ടി സിഇ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. ജുനൈദിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അപകടസ്ഥലവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികൾ ലഭിച്ചിരുന്നോയെന്നും ലഭിച്ച പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. മരിച്ച ജുനൈദിന്റെ കുടുംബത്തിന് കെഎസ്ഇബി ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Protests against KSEB are intensifying following the tragic death of 13-year-old Junaid in Cherumukku, Tirurangadi. The accident occurred when he was electrocuted by a stay wire. Electricity Minister Sunny Joseph has ordered an urgent investigation into the incident. The minister said strict action would be taken if any lapses are found.