

അഞ്ചു ദിവസം നീണ്ട ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കമായ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണു. 64-മത് പതിപ്പിൽ 1208 പോയിന്റുകളോടെ കലാകിരീടം സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ്. ആതിഥേയരും, കഴിഞ്ഞ വർഷത്തെ കലാ കിരീടം ചൂടിയവരുമായ തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്. ആവേശകരമായ മത്സരങ്ങൾക്കും വർണാഭമായ കലാപ്രകടനങ്ങൾക്കും സാക്ഷിയായ കലോത്സവം കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തെ വീണ്ടും വിളിച്ചോതിയിരിക്കുകയാണ്.
തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിലായിരുന്നു സമാപന സമ്മേളനം നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷകനായി. മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുത്തു. മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മോഹൻലാലാണ് ജേതാക്കൾക്കുള്ള സ്വർണകിരീടം സമ്മാനിച്ചത്. സമാപന ദിവസമായ ഇന്ന് എട്ട് ഇനങ്ങളിലായിരുന്നു മത്സരം നടന്നത്. അഞ്ചുദിവസങ്ങളിലായി 249 ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.
'വാസ്‌കുലൈറ്റിസ്' എന്ന ഗുരുതര രോഗം ബാധിച്ച് കലോത്സവ വേദിയില്‍ എത്താന്‍ സാധിക്കാതെ പോയ കാസര്‍കോട് പടന്ന വി കെ പി കെ എച്ച് എം എം ആര്‍ വി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി സിയ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടലിലൂടെ വീട്ടിലിരുന്ന് കൊണ്ട് അറബിക് പോസ്റ്റര്‍ രചന വിഭാഗത്തില്‍ മത്സരിക്കുകയും, എ ഗ്രേഡ് നേടുകയും ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു വിദ്യാര്‍ത്ഥി മത്സരത്തില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയ്ക്ക് സിയ എഴുതിയ കത്ത് പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അവസരം ഒരുങ്ങിയത്. മാനവികതയുടെ പുത്തൻ അധ്യായം കുറിച്ചതായിരുന്നു ഈ വർഷത്തെ കലോത്സവമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ വിശേഷിപ്പിച്ചു.
തന്റെ സ്കൂൾ കാലഘട്ടത്തിലെ കലോത്സവ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചത്. കല വെറും മത്സരമല്ല എന്നും, അത് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും അടയാളം കൂടിയായണെന്നും എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്ന് കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു .
കാണികൾ ഏവരേയും ആവേശത്തിലാഴ്ത്തിയാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സദസ്സിനെ അഭിസംബോധന ചെയ്തത്. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ ഖദർ അണിഞ്ഞും, കുട്ടികൾക്ക് വേണ്ടി മീശപിരിച്ചുമാണ് താൻ വന്നതെന്ന വാക്കുകളിലൂടെ അദ്ദേഹം പൂരനഗരിയെ കയ്യിലെടുത്തു. മഞ്ജു വാരിയരും, നവ്യ നായരും, കെ.എസ് ചിത്രയും, ജി വേണുഗോപാലും അടക്കം, മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച വേദി കൂടിയാണ് സ്കൂൾ കലോത്സവമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കലോത്സവങ്ങൾ പങ്കു വെക്കലിന്റെ രസം പഠിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.
English Summary: The 64th Kerala State School Arts Festival concluded with Kannur district winning the overall championship, celebrating artistic excellence, inclusivity, and cultural heritage.