അരാഷ്ട്രീയതയുടെ തോടുപൊട്ടിച്ച് യുവജനത തെരുവിലിറങ്ങുന്നു; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് എ എ റഹീം എംപി

1991-ന് ശേഷമുണ്ടായ അരാഷ്ട്രീയവൽക്കരണത്തിന്റെയും വ്യക്തികേന്ദ്രീകൃത ചിന്തകളുടെയും തോടുപൊട്ടിച്ചാണ് പുതിയ തലമുറ ഇന്ന് തെരുവിലിറങ്ങിയിരിക്കുന്നത്
അരാഷ്ട്രീയതയുടെ തോടുപൊട്ടിച്ച് യുവജനത തെരുവിലിറങ്ങുന്നു; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് എ എ റഹീം എംപി
Published on: 

രാജ്യത്തെ അതിസമ്പന്നരായ ചുരുക്കം ചിലരൊഴികെ ബാക്കി എല്ലാവരും സർക്കാരിന്റെ നയങ്ങളിൽ കടുത്ത അസംതൃപ്തിയിലാണെന്നും, ഇതിന്റെ പ്രതിഫലനമാണ് വിവിധ മേഖലകളിൽ ഉയർന്നുവരുന്ന സമരങ്ങളെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം എംപി. വർധിച്ചുവരുന്ന ജീവിതച്ചെലവിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ലോകമെമ്പാടും ജനങ്ങൾ പ്രക്ഷോഭങ്ങളിലേക്ക് തിരിയുകയാണ്. 'സമരം ഞങ്ങളുടെ അവകാശമാണ്' (Protest is our right) എന്നതാണ് ഈ കാലഘട്ടത്തിന്റെ അടിസ്ഥാന വികാരമെന്നും മാഡിസം ‍ഡി‍ജിറ്റലിന്റെ സ്ട്രെയറ്റ് ടോക്കിൽ വ്യക്തമാക്കി.

ഉത്തരേന്ത്യയിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ എസ്എഫ്ഐ വലിയ രീതിയിലുള്ള ക്യാമ്പയിനുകളാണ് നടത്തുന്നത്. ഇതിന്റെ ഫലമായി മഹാരാഷ്ട്രയിൽ അടച്ചുപൂട്ടിയ സ്കൂളുകൾ തുറക്കാൻ സർക്കാർ നിർബന്ധിതമായി. ഇത് സമരത്തിന്റെ വിജയമാണ്. കർഷകരും പൈലറ്റുമാരും ഐടി പ്രൊഫഷണലുകളും മുതൽ നീറ്റ് പരീക്ഷാ വിവാദത്തിൽ വിദ്യാർത്ഥികൾ വരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഇന്ന് സമരരംഗത്താണ്.

അരാഷ്ട്രീയതയുടെ തോടുപൊട്ടിച്ച് യുവജനത തെരുവിലിറങ്ങുന്നു; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് എ എ റഹീം എംപി
ഇന്ത്യയിൽ നടക്കുന്നത് ഒരു പൊളിറ്റിക്കൽ ഫൈറ്റ്; അൾട്രാ റൈറ്റാണ് രാജ്യം ഭരിക്കുന്നത്: എ എ റഹീം എംപി

2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ പോരാട്ടം കാമ്പസുകളിൽ മനുസ്മൃതിക്കും മനുവാദിനും എതിരെയുള്ളതായിരുന്നു. കാമ്പസുകളിൽ ദളിത് വിദ്യാർഥികൾക്ക് അഭിമാനത്തോടെ പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ രക്തസാക്ഷിയാണ് രോഹിത് വെമുല. സവർണ്ണാധിപത്യ ആശയങ്ങൾ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിലെല്ലാം കലാലയങ്ങൾ പ്രക്ഷുബ്ധമാകുമെന്നും അന്നേ ഉയർന്നുകേട്ട 'മനുവാദ് സേ ആസാദി' എന്ന മുദ്രാവാക്യം ഇതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1991-ന് ശേഷമുണ്ടായ അരാഷ്ട്രീയവൽക്കരണത്തിന്റെയും വ്യക്തികേന്ദ്രീകൃത ചിന്തകളുടെയും തോടുപൊട്ടിച്ചാണ് പുതിയ തലമുറ ഇന്ന് തെരുവിലിറങ്ങിയിരിക്കുന്നത്. ചരിത്രത്തെ മായ്ച്ചുകളയാനും മാറ്റിയെഴുതാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കിടയിലും, ഗാന്ധിജിയുടെയും ഭഗത് സിങിന്റെയും അംബേദ്കറുടെയും ചിത്രങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിച്ചാണ് യുവജനത സമരം ചെയ്തത്.

2014 മുതൽ രാജ്യത്ത് നിലനിന്നിരുന്ന ഭയം, നിശബ്ദത, നിസ്സംഗത എന്നീ അവസ്ഥകളെ മറികടക്കാൻ ഒന്നാം ജന്തർ മന്തർ സമരത്തിന് കഴിഞ്ഞു. മറ്റൊരു വിജയം സാധ്യമാണെന്ന് ഈ സമരം തെളിയിച്ചു. ഇടതുപക്ഷത്തിന് നേരിട്ട് ആകർഷിക്കാൻ കഴിയാതിരുന്ന, അരാഷ്ട്രീയരായി നിന്നിരുന്ന വലിയൊരു വിഭാഗം ആളുകളെ സമരത്തിലേക്ക് കൊണ്ടുവരാൻ സിജെപി പോലെയുള്ള മുന്നേറ്റങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഉദ്ദേശ്യവും മാർഗ്ഗവും ശരിയാണെങ്കിൽ, ഇത്തരം ജനാധിപത്യ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുക എന്നത് തങ്ങളുടെ രാഷ്ട്രീയ കടമയാണെന്നും അതാണ് ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെയ്യുന്നതെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

Summary

A.A. Rahim MP highlighted the rising wave of protests across India as a natural response to the rising cost of living, unemployment, and anti-people policies. He emphasized that the youth are breaking away from apolitical trends, taking to the streets to uphold constitutional values, and reclaiming historical icons like Gandhi, Ambedkar, and Bhagat Singh. Rahim also noted that the Left remains committed to supporting democratic movements that successfully unite the apolitical masses against the politics of fear and silence.