

കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചത് ആചാരലംഘനമല്ലെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതിയോടെയായിരുന്നു ക്ഷേത്രപ്രവേശനമെന്നും, അതിനാൽ നടപടി എടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമും, മറ്റൊരു പുരോഹിതനും അനുമതിയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
2023 സെപ്തംബർ ഏഴിന്, ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ശോഭായാത്രയുടെ ഉദ്ഘാടനം നിർവഹിക്കാൻ അതിഥികളായാണ് ഇരു പുരോഹിതൻമാരും എത്തിയത് എന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചിരുന്നു. തന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് പ്രവേശനാനുമതി നൽകിയത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
1965ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്ന വ്യവസ്ഥകളില്ലെന്നും, അത്തരത്തിലുള്ള നിയന്ത്രണങ്ങൾ ചട്ടങ്ങളിൽ മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിലനിൽക്കാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. അഹിന്ദുക്കളുടെ പ്രവേശനം വിലക്കുന്ന ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടോ എന്ന് സർക്കാരിന് പരിശോധിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
സാമൂഹിക ഐക്യം തകർക്കാനല്ല, മറിച്ച് പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 'നിയമം നിശ്ചലമല്ല, അത് സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. സമൂഹം കൂടുതൽ സമഗ്ര സ്വഭാവം ആർജിക്കുന്നതിന് അനുസരിച്ച് ഭരണഘടനാമൂല്യങ്ങളും സമൂഹ ഐക്യവും നിലനിൽക്കുന്ന വിധത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലുമൊക്കെ മാറ്റം വരും,' കോടതി പറഞ്ഞു.
English Summary: The Kerala High Court ruled that a Christian priest’s entry into the Adoor Parthasarathy Temple was not a ritual violation, as it was done with the Tantri’s permission