

അവയവദാനത്തിൽ പുതുചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസം പ്രായമുള്ള കുരുന്നിനു വേണ്ടി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആലിന് മസ്തിഷ്കമരണം സംഭവിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനം ചെയ്യാൻ തീരുമാനിച്ചത്.
ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെച്ചത്. ശേഷം കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡിലും, ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിച്ചു.
തന്റെ സഹജീവികളായ കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്ന് മോഹൻലാൽ കുറിച്ചു. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെ ആലിൻ ഇനിയും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ കുറിപ്പ്:
"തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും."
English Summary: Actor Mohanlal shared an emotional note honoring 10-month-old Alin Sherin Abraham, whose organ donation created history in Kerala.