

കോഴിക്കോട്: നഴ്‌സുമാരുടെ അടിസ്ഥാന വേതനം നാല്പതിനായിരം രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൽ സംഘർഷം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർത്ഥികളും മാനേജ്മെന്റും തമ്മിലാണ് സംഘർഷം. ജോലിയിൽ പ്രവേശിക്കാത്ത മുഴുവൻ സ്റ്റാഫിനെയും പിരിച്ചു വിടുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാർ ആരോപിച്ചു. നഴ്‌സിങ് വിദ്യാർത്ഥികളെ തടഞ്ഞുവെച്ചതായും കയ്യേറ്റം ചെയ്തതായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം 40000 രൂപയാക്കി ഉയർത്തണമെന്നാവശ്യം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. എന്നാൽ ഇന്ന് മുതൽ തുടങ്ങിയ സമ്പൂർണ്ണ പണിമുടക്കിൽ നഴ്‌സുമാർ നീങ്ങിയതോടെയാണ് മാനേജ്മെന്റ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം തന്നെ സമരവുമായി ബന്ധപ്പെട്ട നിലപാട് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ ക്ലാസ്സുണ്ടെന്ന വ്യാജേന വിളിച്ചു വരുത്തി, തടഞ്ഞുവെച്ച് ജോലിചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് നഴ്‌സുമാർ പറയുന്നത്.
മാനേജ്മെന്റ് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നൽകുന്നില്ലെന്നും, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് നഴ്‌സുമാരുടെ നിലപാട്. ഇപ്പോൾ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സമരം ബാധിച്ചിട്ടുണ്ട്. നിലവിൽ വേതന വർധനവ് ആവശ്യപ്പെട്ട് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് സമരം നടക്കുന്നത്. 200 ഓളം ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന ഉറപ്പിൽ സമരം പിൻവലിച്ചിട്ടുണ്ട്.
English Summary: A dispute has erupted at Baby Memorial Hospital as nursing students and hospital management clash over an ongoing strike demanding a ₹40,000 minimum salary for private hospital nurses.