ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി; നിയമസഭ സീറ്റും കേന്ദ്ര പദവികളും വാ​ഗ്ദാന പട്ടികയിൽ

പാർട്ടിക്കുള്ളിലുണ്ടായ അതൃപ്‌തി ജനങ്ങൾക്കിടയിൽ തെറ്റായ വിലയിരുത്തലുകളുണ്ടാക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം അനുനയ നീക്കങ്ങളുമായി നേരിട്ടിറങ്ങിയിരിക്കുന്നത്
VV Rajesh, R Sreelekha
VV Rajesh, R SreelekhaImage: Facebook
Published on

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ അതൃപ്തി പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുമെന്ന് സൂചന. പാർട്ടിക്കുള്ളിലുണ്ടായ അതൃപ്‌തി ജനങ്ങൾക്കിടയിൽ തെറ്റായ വിലയിരുത്തലുകളുണ്ടാക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം അനുനയ നീക്കങ്ങളുമായി നേരിട്ടിറയിരിക്കുന്നത്. ആദ്യഘട്ടം മുതൽ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ശാസ്തമംഗലത്ത് നിന്നും വിജയിച്ച ശ്രീലേഖയെ ആയിരുന്നു. എന്നാൽ അവസാന നിമിഷം മേയർ സ്ഥാനം വി വി രാജേഷിലേക്ക് മാറിയതോടെയാണ് അതൃപ്തി പരസ്യമാക്കി ആർ ശ്രീലേഖ രം​ഗത്തുവന്നു.

ആർ ശ്രീലേഖക്ക് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റ് ഉൾപ്പെടെ കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ കേന്ദ്ര തലത്തിൽ ഉത്തരവാദിത്തങ്ങളും പദവികളും നൽകി സജീവമായി പാർട്ടിയിൽ നിലനിർത്താനും ശ്രമങ്ങൾ തുടരും. വരും ദിവസനങ്ങളിൽ നടക്കുന്ന ചർച്ചകൾ ശേഷമാവും ഇക്കാര്യങ്ങൾ അന്തിമ തീരുമാനം സ്വീകരിക്കുക. വി വി രാജേഷിലേക്ക് മേയർ സ്ഥാനം എത്തിയത് തനിക്ക് നൽകിയ വാ​ഗ്ദാനങ്ങളുടെ ലംഘനമാണെന്ന് പാർട്ടി നേതൃത്വത്തെ ശ്രീലേഖ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം നൽകിയ വിശദീകരണത്തിൽ അവർ തൃപ്തയല്ലെന്നും അഭ്യൂഹമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ മുഖമായാണ് ശ്രീലേഖയെ ബിജെപി അവതരിപ്പിച്ചത്. ഐപിഎസ് സർവീസിലിരിക്കെ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച ശ്രീലേഖയുടെ സ്വീകാര്യത ഉപയോ​ഗിക്കുകയായിരുന്നു ഇതിലൂടെ ബിജെപി ലക്ഷ്യം. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമെന്ന പദവിയും ആർ. ശ്രീലേഖയുടെ വ്യക്തിപരമായ മേൻമകളായി തിരഞ്ഞെടുപ്പിൽ ഉയർത്തി കാണിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചതിന് പിന്നാലെ നടന്ന ചർച്ചയിൽ പക്ഷേ മേയർ പദവി ശ്രീലേഖയ്ക്ക് നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു സംസ്ഥാന നേതൃത്വം. പാർട്ടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഒരാൾക്കാണ് പദവി കൂടുതൽ യോജിക്കുകയെന്ന് ഭൂരിഭാ​ഗം അഭിപ്രായപ്പെട്ടു.

നിലവിലുള്ള നൂറംഗ കൗൺസിലിൽ അൻപത് കൗൺസിലർമാരും ബിജെപിയുടേതാണ്, സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണനും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജി എസ് ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകുന്നത്. കൂടാതെ മേയർ സ്ഥാനത്തേക്ക് എൽഡിഎഫിന്റെ ആർ പി ശിവജിയും യുഡിഎഫിൽ നിന്ന് കെ എസ് ശബരീനാഥനും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

English Summary: BJP’s central leadership is reportedly trying to pacify former DGP R. Sreelekha after she expressed dissatisfaction over not being selected as Thiruvananthapuram Mayor.

Related Stories

No stories found.
Madism Digital
madismdigital.com