

കേരളത്തിലെ എൻഎസ്എസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്ന കാഴ്ച്ചയായിരുന്നു ഇന്ന് ഡൽഹിയിൽ നടന്നത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ദൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ലക്ഷ്യംവെച്ച് നടത്തിയ പ്രസ്താവനകൾ കേരളത്തിൽ നായർ സമുദായത്തിൽ ബിജെപി ലക്ഷ്യമിടുന്ന ഭാവി പ്ലാനുകളാണെന്ന് നിസംശയം പറയാൻ കഴിയും.
നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നും മന്നത്ത് പത്മനാഭൻ എല്ലാവരുടേയും നേതാവാണെന്നുമാണ് ബിജെപിയുടെ മുൻ ദേശീയ നേതാവും നിലവിൽ ഉപരാഷ്ട്രപതിയുമായ സി പി രാധാകൃഷ്ണൻ പറഞ്ഞത്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത്, മന്നം സമാധിയിലേക്ക് എല്ലാവർക്കും വരാൻ കഴിയണമെന്നുമാണ് രാധാകൃഷ്ണൻ, സുകുമാരൻ നായരെ ലക്ഷ്യംവെച്ച് കടന്നാക്രമിച്ചത്. ചടങ്ങിൽ സുരേഷ് ഗോപിയും എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ ഒളിയമ്പെറിഞ്ഞു. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും അല്ലെങ്കില്‍ ശുദ്ധീകരിക്കപ്പെടുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
കേരളത്തിലെ അടുത്ത കാലത്തായി നടന്ന തിരഞ്ഞെടുപ്പുകളിൽ സുകുമാരൻ നായർ നയിക്കുന്ന എൻഎസ്എസിൽനിന്ന് ബിജെപിക്ക് കാര്യമായി ഒന്നും നേടാനായില്ലെന്നതാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിജെപിയും എൻഎസ്എസും തമ്മിൽ പ്രത്യക്ഷമായാണ് കേരളത്തിൽ അകൽച്ച രൂപപ്പെട്ടത്. പലപ്പോഴായി ഇരുകൂട്ടർക്കുമിടയിലെ അസ്വാരസ്യം മറനീക്കി പുറത്തുകൊണ്ടുവന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി ലഭിക്കാത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മന്നം സമാധി ഒരു രാഷ്ട്രീയ പ്രചാരണ വേദിയാക്കാൻ അനുവദിക്കില്ലെന്നും എല്ലാ സ്ഥാനാർഥികൾക്കും ഒരേ നയമാണ് ബാധകമെന്നുമാണ് അന്ന് എൻഎസ്എസിന്റെ നിലപാട്. തുടർന്ന് അന്നത്തെ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന സി വി ആനന്ദ ബോസും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് പരസ്യമാക്കിയിരുന്നു.
ശബരിമല, സാമ്പത്തിക സംവരണം, കേരളത്തിലെ പല രാഷ്ട്രീയ വിഷയങ്ങളിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കേന്ദ്രസർക്കാരിനെയും ബിജെപിയെയും നേരിട്ടും പരോക്ഷമായും വിമർശിച്ചിട്ടുണ്ട്. ഇതാണ് സുകുമാരൻ നായരെ കവച്ചുവെച്ച് എൻഎസ്എസിനേയും സമുദായത്തേയും കയ്യിലെടുക്കാനായി ബിജെപിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ നിർമാണംതന്നെ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന സി വി ആനന്ദ ബോസ് മുന്നോട്ടുവച്ച ആശയമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഡൽഹിയിൽ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുന്ന മന്നം സ്മാരകം വേണമെന്ന് അദ്ദേഹം പെരുന്നയിലെ വിവാദങ്ങൾക്കുശേഷം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഡൽഹിയിലെ മന്നം സ്മാരകത്തിന്റെ പ്രവർത്തനങ്ങൾക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സംഘ്പരിവാർ നേതാക്കളുമായി അടുത്ത ബന്ധവുമുണ്ടെന്നതാണ് ഉദ്ഘാടന പരിപാടിയിലെ ബിജെപി നേതാക്കളുടെ അധിക പ്രാതിനിധ്യം വിരൽ ചൂണ്ടുന്നത്. മന്നം സ്മൃതി മണ്ഡപത്തിന്റെ പരിപാടിയിൽവെച്ച്തന്നെ എൻഎസ്എസ് സെക്രട്ടറിയെ ബിജെപി നേതാക്കൾ വിമർശിച്ചത് ഇതിന് ആക്കംകൂട്ടുന്നതാണ്.
സമുദായ സംഘടനകളെയും മത സംഘടനകളെയും കൂടെ കൂട്ടുകയും, കിട്ടിയില്ലെങ്കിൽ ഹൈജാക്ക് ചെയ്യുകയും ചെയ്യുന്ന ബിജെപിയുടെ ദേശീയ നയമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ക്രിസ്ത്യൻ സംഘടനകളേയും ഹൈന്ദവ സമുദായ സംഘടനകളേയും കേരളത്തിൽ ഒപ്പം കൂട്ടിയ ബിജെപിക്ക് എൻഎസ്എസിൽ പരസ്യമായ പിന്തുണ ഇതുവരെ കിട്ടിയിട്ടില്ലെന്നത് കേരള നേതൃത്വത്തിന് കല്ലുകടിയാണ്.
Tensions between the BJP and Kerala's NSS came into the open after Vice President C.P. Radhakrishnan and Union Minister Suresh Gopi publicly criticised NSS general secretary G. Sukumaran Nair at the inauguration of the Mannam Memorial in Delhi. Political observers see the remarks as part of the BJP's attempt to reshape its outreach to the Nair community after strained relations over recent years, including the Perunna controversy and differences on key issues. The developments indicate changing political equations ahead of future elections.