

ബിഎൽഎം ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ പ്രേംകുമാർ അറസ്റ്റില് ക്രൈംബ്രാഞ്ച് അനാവശ്യ ധൃതി കാണിച്ചെന്ന് ആരോപണം. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചെന്നൈയിൽ നിന്ന് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. അതേസമയം ധൃതിപിടിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അറസ്റ്റിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്നാണ് ബിഎൽഎമ്മിന്റെ ആരോപണം. പരാതിക്കാരൻ കേസ് പിൻവലിച്ചശേഷവും ക്രൈംബ്രാഞ്ച് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. രോഗാഗാവസ്ഥ പറഞ്ഞിട്ടും മാനുഷിക പരിഗണന ഉണ്ടായില്ലെന്നും ബിഎൽഎം ആരോപിച്ചു.
ബിഎൽഎം മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സ്വ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മലപ്പുറം തിരൂർ സ്വദേശിയായ അനൂപ് സമർപ്പിച്ച ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു തള്ളിയത്. 2025 മാർച്ചിൽ അംഗത്വം നേടിയ അനൂപ്, ദിവസങ്ങൾക്കകം തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), കേന്ദ്ര ധനമന്ത്രാലയം, സിബിഡിടി ൾപ്പെടെ നിരവധി കേന്ദ്ര ഏജൻസികളെയും കക്ഷികളാക്കി ഹർജി വിപുലീകരിച്ചു. എന്നാൽ, നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇടപെടൽ ആവശ്യമില്ലെന്നും ഹർജിക്കാരന്റെ ആരോപണങ്ങൾ തെളിവുകളില്ലാത്ത അനുമാനങ്ങൾ മാത്രമാണെന്നും കോടതി വിലയിരുത്തി.
അംഗങ്ങൾക്കിടയിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ച് പുതിയ നിക്ഷേപങ്ങൾ തടസപ്പെടുത്തി ബിഎൽഎമ്മിന്റെ വളർച്ച തടയുകയെന്ന ലക്ഷ്യമാണ് ഇത്തരം ഹർജികൾക്കു പിന്നിലെന്നു ഫൗണ്ടർ ചെയർമാൻ ആർ പ്രേംകുമാർ കുറ്റപ്പെടുത്തി. ആ ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയാണു ഹൈക്കോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിക്ഷേപത്തേക്കാൾ കൂടുതൽ ആസ്തി സൊസൈറ്റിക്കുണ്ടെന്ന കാര്യം കോടതിയിൽ വ്യക്തമാക്കാൻ സൊസൈറ്റിക്കു കഴിഞ്ഞതായും ബിഎൽഎം അറിയിച്ചു. സമാന ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച ഹർജികൾ നേരത്തെയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഒരു കേസിൽ പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ബിഎൽഎമ്മിന്റെ പ്രവർത്തനങ്ങൾ നിയമാനുസൃതവും സുതാര്യവുമാണെന്നും നിയമപരമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വി പി സെയ്തലവി പറഞ്ഞു. 21 വർഷമായി പ്രവർത്തിക്കുന്ന ബിഎൽഎം, ദക്ഷിണേന്ത്യയിലെ പ്രമുഖ മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നാണ്. അംഗങ്ങൾക്കു നിക്ഷേപത്തിനു ലാഭവിഹിതത്തോടൊപ്പം ബോണസ്, ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കിവരുന്നതായി ബിഎൽഎം അധികൃതർ അറിയിച്ചു.