

ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരള മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും (ഡിജിപി) പരാതി നൽകി ബിഎൽഎം സൊസൈറ്റി. പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാർത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നാണ് സൊസൈറ്റിയുടെ പ്രധാന ആവശ്യം.
സൊസൈറ്റിക്കെതിരെ സമീപകാലത്ത് പ്രചരിക്കുന്ന ചില രേഖകളും വാർത്തകളും ഔദ്യോഗിക കണക്കുകളോടും രേഖകളോടും പൊരുത്തപ്പെടുന്നില്ലെന്നാണ് പരാതിയിലെ ആരോപണം. വിവിധ വകുപ്പ് മേധാവികൾ നൽകിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓൺലൈൻ, സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിക്കുന്നതായും ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നതായും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി ജില്ലയിൽ 2023-ൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ ഒഴിവാക്കുന്നതായി അന്തിമ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ 2024 മേയ് 21-ലെ കേരള ഹൈക്കോടതി ഉത്തരവുകളിലൂടെ റദ്ദാക്കിയിരുന്നുവെന്നും സൊസൈറ്റി പരാതിയിൽ വ്യക്തമാക്കുന്നു. സൊസൈറ്റിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയതായും പരാതിക്കാരന് ലക്ഷം രൂപ പിഴ ചുമത്തിയതായും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ബിഎൽഎം സൊസൈറ്റിക്കെതിരെ കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ കേസുകളൊന്നും നിലവിലില്ല. അതേസമയം, സ്ഥാപന മേധാവികളെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ഒരു മുൻ ജീവനക്കാരന്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഹർജിക്കാരൻ പരാതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നുവെന്നും സൊസൈറ്റി പറയുന്നു.
2006 ഫെബ്രുവരി 24-ന് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബിഎൽഎം സൊസൈറ്റി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന സൊസൈറ്റിയുമായി ഏകദേശം 15 ലക്ഷം കുടുംബങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സൊസൈറ്റി വ്യക്തമാക്കുന്നു.
ഓരോ സാമ്പത്തിക വർഷത്തെയും കണക്കുകൾ കേന്ദ്ര സഹകരണ വകുപ്പ് സെൻട്രൽ രജിസ്ട്രാറുടെ എംപാനൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ പരിശോധിക്കുന്നുണ്ടെന്നും നിലവിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് സൊസൈറ്റിയുടെ വിശദീകരണം. 2006 മുതൽ അംഗങ്ങളിൽനിന്ന് സ്വീകരിച്ച നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകുമ്പോൾ ലാഭവിഹിതം ഉൾപ്പെടെ കൃത്യസമയത്ത് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും സൊസൈറ്റി അവകാശപ്പെടുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ ഭൂമി, കെട്ടിടങ്ങൾ, മറ്റ് പദ്ധതികൾ എന്നിവ സൊസൈറ്റിയുടെ സ്വന്തം പേരിലുണ്ടെന്നും ഇവയെല്ലാം സൊസൈറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുന്നത് അംഗങ്ങളുടെയും നിക്ഷേപകരുടെയും വിശ്വാസത്തെ ബാധിക്കുമെന്നും അതുവഴി അവരുടെ സമ്പാദ്യത്തെയും ജീവനക്കാരുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും സൊസൈറ്റി ആശങ്ക പ്രകടിപ്പിച്ചു.
വ്യാജമെന്ന് ആരോപിക്കപ്പെടുന്ന രേഖകളുടെയും വാർത്തകളുടെയും പട്ടികയും അവയുടെ ആധികാരികത ചോദ്യം ചെയ്യുന്നതിനുള്ള തെളിവുകളും ബന്ധപ്പെട്ട അധികാരികൾക്ക് വരും ദിവസങ്ങളിൽ സമർപ്പിക്കുമെന്ന് സൊസൈറ്റി അറിയിച്ചു. നിലവിലുള്ള വിഷയങ്ങളിൽ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കുന്നതിനൊപ്പം, വ്യാജരേഖകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചായിരിക്കണം തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും നിയമപരമായ നടപടികൾ സുതാര്യമായും നിഷ്പക്ഷമായും മുന്നോട്ടുപോകണമെന്നും ബിഎൽഎം സൊസൈറ്റി ആവശ്യപ്പെട്ടു. അംഗങ്ങളുടെയും നിക്ഷേപകരുടെയും ജീവനക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വസ്തുതകളുടെ അടിസ്ഥാനത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സൊസൈറ്റി പരാതിയിൽ അഭ്യർഥിച്ചു.
Bharat Lajna Multi-State Housing Co-operative Society (BLM Society) has filed a complaint with the Kerala Chief Minister, Home Minister and State Police Chief, seeking an investigation into alleged fake documents and misleading reports circulated against the society. The society claims that the unverified information has caused unnecessary concern among its members and investors and has urged authorities to verify the authenticity and sources of the documents and take legal action against those responsible, if wrongdoing is established.
In its complaint, the society cited previous court proceedings, audit practices and its registration under the Multi-State Co-operative Societies Act. It also claimed that its financial records have not revealed irregularities and that it has fulfilled its deposit repayment obligations. The society said it would submit supporting documents and evidence to the authorities, calling for an impartial and transparent investigation to establish the facts and protect the interests of its members, investors and employees.