

ജൂണ്‍ രണ്ടിന് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്ഥാപന അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കാഞ്ഞങ്ങാട് സ്വദേശിയായ ഐജ മഹേഷ് (19) ആണ് ചെര്‍പ്പുങ്കലിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. സ്ഥാപനത്തില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് ഐജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. മരണവിവരം അറിയിക്കുന്നതില്‍ വരുത്തിയ കാലതാമസവും ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതും വലിയ രീതിയിലുള്ള സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐജയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ മാത്രമാണ് അധികൃതര്‍ മരണവിവരം മാതാപിതാക്കളെ അറിയിക്കുന്നത്. ഐജയുടേതായി ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് വ്യക്തമായിട്ടും അത് മാതാപിതാക്കളെ കാണിച്ചിട്ടില്ല. കൂടാതെ സംഭവം നടന്ന ഹോസ്റ്റല്‍ മുറി കാണാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് അനുവാദം നല്‍കിയിട്ടില്ല.
'എനിക്കിവിടെ പേടിയാണ്...'
ആദ്യതവണ നീറ്റ് പരീക്ഷ എഴുതിയ ഐജ, ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ജൂണ്‍ 21-ലെ പുനപ്പരീക്ഷയ്ക്കായി വീണ്ടും ക്യാമ്പസിലെത്തിയത്. രണ്ടാമത് എത്തിയ ശേഷമാണ് കുട്ടിയുടെ മേല്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായതെന്ന് കുടുംബം പറയുന്നു. 'എനിക്കിവിടെ പഠിക്കാനാകുന്നില്ല, വലിയ പേടിയാണ്' എന്ന് ഐജ മാതാപിതാക്കളെ വിളിച്ച് പറഞ്ഞിരുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തിരിച്ചുപോരാന്‍ മാതാപിതാക്കള്‍ നിര്‍ദേശിച്ചതുമാണ്. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി മറ്റ് വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
English Summary: The family of 19-year-old NEET aspirant Aija Mahesh, who died by suicide in her hostel room at Brilliant Study Centre in Pala on June 2, has levelled serious allegations against the institution. They claim the student was subjected to severe mental pressure and that authorities delayed informing her parents about the death by nearly two hours after she was found hanging in her room.